എകെജി സെന്‍റര്‍ ആക്രമണം; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ്, വിമാനത്താവളങ്ങള്‍ക്ക് കൈമാറി

എ.കെ.ജി സെന്റർ ആക്രമണ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടിസ്. ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടിസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.
എ.കെ.ജി സെന്റർ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തക നവ്യ ടി എന്നിവർക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജിതിൻ സ്ഫോടകവസ്തു എറിയാനായി വന്ന ഡിയോ സ്കൂട്ടർ പൊലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്‍റെ പങ്ക് വ്യക്തമായത്. സുഹൈലിന്‍റെ ഡ്രൈവര്‍ സുബീഷിന്‍റെ ഉടസ്ഥതയിലുള്ള സ്കൂട്ടറാണ് ജിതിൻ ഉപയോഗിച്ചത്.
സംഭവ ദിവസം രാത്രിയിൽ ഗൗരീശപട്ടത്ത് ഈ സ്കൂട്ടർ എത്തിച്ചത് നവ്യയാണ്. ഗൗരീശപട്ടത്ത് നിന്നും സ്കൂട്ടറോടിച്ച് സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിൻ സ്കൂട്ടർ നവ്യക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. നവ്യ ഈ സ്കൂട്ടര്‍ ഓടിച്ച് കഴക്കൂട്ടത്തേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളിൽ നിന്നാണ് ജിതിനിലേക്ക് അന്വേഷണമെത്തിയത്.
Read Also: AKG Centre Attack: ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: കെ സുധാകരന്‍
കേസിൽ നവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിന് സ്‍കൂട്ടർ കൈമാറിയത് നവ്യ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ സ്ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്. ജിതിന്‍റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെയാണ് നവ്യ ഒളിവിൽ പോയത്.
Story Highlights: Look out notice issued for absconding accused in AKG Centre attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here