ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ച് ആത്മഹത്യ ശ്രമം; യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലീസ്

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് കൊച്ചി സൈബർ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിൻ്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽ ആത്മഹത്യശ്രമം എത്തുകയും അവർ സൈബർ സെല്ലിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതർ കൊച്ചി സൈബർ പൊലീസിന് നൽകി. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസ്സും മെറ്റാ ടീം സൈബർ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബർ സെൽ ഇവരെ തിരിച്ചറിഞ്ഞു.
തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം ഈ വിവരം ചേർത്തല, കരമന പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘങ്ങൾ യുവതിയെ കണ്ടെത്താൻ പുറപ്പെട്ടു. തുടർന്ന് തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
Story Highlights: Suicide attempt by sharing video on Instagram; Cyber Police rescued woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here