മുൻ വൈരാഗ്യം; ദളിത് സഹോദരങ്ങളെ മൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ചു

മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ദളിത് സഹോദരങ്ങളെ മൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ചു. സന്തോഷ്, ധർമേന്ദ്ര ശാക്യ എന്നിവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. സഹോദരങ്ങളെ മൊട്ടയടിച്ച ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം.
ഭിന്ദിലെ ദബോഹ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഇരകളായ സന്തോഷും ധർമേന്ദ്ര ശാക്യയും ഒന്നര മാസം മുമ്പ് ദിലീപ് ശർമ്മ എന്ന വ്യക്തിയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘട്ടനത്തിൽ ശർമ്മയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും സഹോദരന്മാർക്കെതിരെ പരാതി നൽകുകയും ചെയ്തു.
ശർമ്മയുടെ ജ്യേഷ്ഠൻ തർക്കം രമ്യമായി പരിഹരിക്കാമെന്ന് നിർദ്ദേശിച്ചു. ‘പഞ്ചായത്ത്’ യോഗം ചേർന്ന് രണ്ട് സഹോദരന്മാരും ശർമ്മയുടെ ചികിത്സാ ചെലവുകൾക്കായി ഒന്നര ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു. പിന്നലെ ശർമ്മയും കൂട്ടാളികളും ഇരുവരുടെയും തല മൊട്ടയടിക്കുകയും ഗ്രാമത്തിലൂടെ ചെരുപ്പ് മാല അണിയിച്ച് നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബിന്ദ് സീനിയർ [പൊലീസ് ഉദ്യോഗസ്ഥൻ ശൈലേന്ദ്ര സിംഗ് ചൗഹാൻ പറഞ്ഞു.
Story Highlights: 2 Dalit Men Paraded Heads Shaved In MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here