മുൻനിരയിൽ ജിയോ തന്നെ താരം; വരിക്കാരെ നഷ്ടപ്പെട്ട് വോഡഫോൺ

ഓഗസ്റ്റിൽ ജിയോയ്ക്ക് ഏകദേശം 32.81 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചതായി റിപ്പോർട്ടുകൾ. ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ വരിക്കാരുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിയോയുടെ എതിരാളികളായ എയർടെലിൽ 3.26 ലക്ഷം വരിക്കാരെയും ലഭിച്ചിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിനും വി എന്നറിയപ്പെടുന്ന വോഡഫോൺ ഐഡിയയ്ക്കും വരിക്കാരുടെ എണ്ണത്തിൽ വൻനഷ്ടമാണ് നേരിട്ടത്.
വിഐയിൽ നിന്ന് 19.58 ലക്ഷം വരിക്കാരും ബിഎസ്എൻഎല്ലിൽ നിന്ന് 5.67 ലക്ഷം വരിക്കാരുമാണ് മറ്റു സർവീസുകളിലേക്ക് മാറിയിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 1,14.91 കോടിയായി വർധിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തിലെ 1,14.8 കോടിയായിരുന്നു. 0.09 ശതമാനമാണ് കൈവരിച്ചിരിക്കുന്ന പ്രതിമാസ വളർച്ചാ നിരക്ക്. ടെലികോം വിപണിയുടെ 36.48 ശതമാനം ഇപ്പോൾ ജിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. 31.66 ശതമാനം വിഹിതം എയർടെല്ലും വി യ്ക്ക് വിപണി വിഹിതത്തിന്റെ 22.03 ശതമാനവും പിടിച്ചെടുക്കാനായി. നാലാം സ്ഥാനത്താണ് ബിഎസ്എൻഎൽ ഉള്ളത്. 9.58 ശതമാനം വിപണിയാണ് ബിഎസ്എൻഎൽ സ്വന്തമാക്കിയിരിക്കുന്നത്.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണം ഓഗസ്റ്റ് അവസാനത്തോടെ 2.59 കോടിയായി. ജൂലൈ അവസാനത്തിൽ ഇത് 2.56 കോടി ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വയർലൈൻ സേവന ദാതാവാണ് ജിയോ എന്ന് ട്രായ് ഡേറ്റ സൂചിപ്പിക്കുന്നത്. വിപണി വിഹിതത്തിന്റെ 28.31 ശതമാനമാണ് ജിയോ പിടിച്ചെടുത്തിരിക്കുന്നത്. വിപണി വിഹിതത്തിന്റെ 27.46 ശതമാനം ബിഎസ്എൻഎല്ലും 23.86 ശതമാനം എയർടെല്ലും സ്വന്തമാക്കി.
Story Highlights: reliance jio adds over 32. 8 mn mobile subscribers in august