Advertisement

കടക്ക് പുറത്ത്…! ചൈനീസ് പാർട്ടി കോൺ​ഗ്രസ് വേദിയിൽ നാടകീയ രം​ഗങ്ങൾ; മുൻ പ്രസിഡന്റിനെ പിടിച്ചു പുറത്താക്കി

October 22, 2022
Google News 3 minutes Read

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഇരുപതാം ദേശീയ കോൺ​ഗ്രസിന്റെ സമാപന വേദയിൽ നാടകീയ രം​ഗങ്ങൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായിരുന്ന മുതിർന്ന നേതാവ് ഹു ജിന്റാവോയെ സമാപന വേദിയിൽ നിന്ന് പുറത്താക്കി. ഇന്ന് നടന്ന സമാപന യോ​ഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മുൻഗാമിയായ ഹു ജിന്റാവോയെ അപ്രതീക്ഷിതമായി പുറത്താക്കിയത്.

ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ ഷിയുടെ ഇടതുവശത്താണ് 79 കാരനായ ഹു ജിന്റാവോ ഇരുന്നത്. തുടർന്ന് മാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് വേദിയിലേക്കെത്തിയ ഒരാൾ കസേരയിൽ നിന്ന് നിർബന്ധിച്ച് പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എഴുന്നേൽക്കാൻ അദ്ദേഹം വിസമതിച്ചതോടെ ഒരാൾ കൂടി അവിടേക്കെത്തി. രണ്ട് പേർ ചേർന്ന് ജിന്റാവോയെ കസേരയിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആകെ ആശയക്കുഴപ്പത്തിലായ ജിന്റാവോ പ്രസി‍ഡന്റ് ഷി ജൻപിങ്ങിന്റെ കൈയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹവും മുഖം തിരിക്കുകയായിരുന്നു. നിർബന്ധിച്ച് ജിന്റാവോയെ കസേരിയിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴും ഒന്നും അറിയാത്ത ഭാവത്തിൽ തൊട്ടടുത്ത ഇരിപ്പിടത്തിൽ ഷി ജിൻപിങ് തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അന്തർദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു.

പുറത്തേക്ക് കൊണ്ടു പോകുമ്പോൾ ഷിയോട് ജിന്റാവോ എന്തോ പറയുന്നതും വീഡിയോയിൽ കാണാം. വലതുവശത്ത് ഇരുന്ന ലീ കെകിയാങ്ങിന്റെ തോളിലും അദ്ദേഹം തട്ടി.

അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ഭരണഘടനയിലെ ഭേദഗതികളോടെയാണ് സമാപിച്ചത്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ജിന്റാവോ വിശ്രമത്തിലായിരുന്നെങ്കിലും ഷി ജിൻപിങ്ങിന്റെ ഏകാധിപത്യ നയങ്ങൾക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർത്തിയിരുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പുതുതായി പ്രഖ്യാപിച്ച 205 അംഗ കേന്ദ്ര കമ്മിറ്റിയിൽ ജിന്റാവോയോട് അടുപ്പം പുലർത്തിയിരുന്നു ലി കെകിയാങ്ങിനെയും സഹ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വാങ് യാങ്ങിനെയും ഉൾപ്പെടുത്തിയിരുന്നില്ല.

ഇരുവർക്കും 67 വയസുണ്ടെങ്കിലും അനൗദ്യോഗിക വിരമിക്കൽ പ്രായത്തിൽ നിന്ന് ഒരു വർഷം കുറവാണ്. എന്നിട്ടും പാർട്ടിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന ഘടകമായ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇരുവരേയും നിലനിർത്തിയില്ല. 69 കാരനായ ഷി ജിൻപിങ്ങ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുമുണ്ട്.

പാർട്ടി കോൺഗ്രസ് അവസാനിച്ചതിന് ശേഷം ഞായറാഴ്ചയായിരിക്കും സ്റ്റാൻഡിംഗ് കമ്മിറ്റിയെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തുവിടുക. എതിരാളികളെ ഉന്മൂലനം ചെയ്തും പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ സ്വാധീനത്തിന് മങ്ങലേൽപ്പിച്ചും അധികാരം ഉറപ്പിക്കാനായി ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് നടത്തുന്ന നീക്കങ്ങളുടെ ഭാ​ഗമാണ് ഇന്നുണ്ടായ സംഭവമെന്നും റിപ്പോർട്ടുകളുണ്ട്.

Story Highlights: Former Chinese president Hu Jintao escorted out of party congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here