Advertisement

കിളികൊല്ലൂരിലെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചത് പൊലീസുകാരുടെ വാർത്താ ഗ്രൂപ്പിൽ

October 22, 2022
Google News 1 minute Read
Kollam Kilikollur Police CCTV footage

കൊല്ലത്ത് സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയ കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പൊലീസ് വാർത്തകൾ നൽകാൻ പൊലീസുകാർ തന്നെ സൃഷ്ടിച്ച ഗ്രൂപ്പിലാണ് ദൃശ്യങ്ങൾ തെറ്റിദ്ധാരണ പടർത്തുന്ന നിലയിൽ പ്രചരിപ്പിച്ചത്. സൈനികൻ പൊലീസുകാരെ മർദ്ദിക്കുന്നു എന്ന പേരിലാണ് പൊലീസ് സ്റ്റേഷനിലെ മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങൾ പക്ഷേ പൊലീസിന് തന്നെ തിരിച്ചടിയായി. വിഘ്നേഷ് പരാതി നൽകിയ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടില്ല. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Read Also: കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം; സൈന്യം ഇടപെടുന്നു; ഡിജിപിയോട് റിപ്പോർട്ട് തേടി കരസേന

ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിലും പൊലീസ് ഒളിച്ചു കളി തുടരുകയാണ്. 6 പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പരാമർശിച്ചും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയുമാണ് വിഘ്നേഷ് പരാതി നൽകിയത്. എന്നാൽ കേസിൽ നാലുപേർക്കെതിരെ മാത്രമാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. സസ്പെൻഷൻ ഉത്തരവിലും പൊലീസുകാരെ വെള്ളപൂശാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഗ്രേഡ് എസ്.ഐ പ്രകാശ് ചന്ദ്രൻ മാത്രമാണ് സൈനികനെയും സഹോദരനെയും മർദ്ദിച്ചതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. ഇത് മറ്റ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ആണെന്നാണ് വിഘ്നേഷന്റെ ആക്ഷേപം. സൈനികനെ അറസ്റ്റ് ചെയ്താൽ ഉടൻ സമീപ റെജിമെൻറിൽ അറിയിക്കണം എന്നാണ് നിയമം. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ സൈന്യത്തെ അറസ്റ്റ് വിവരം അറിയിക്കാൻ വൈകിയെന്നും ആരോപണമുണ്ട്.

സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി പോലീസ് മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. പൊലീസ് കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് ദൃശ്യങ്ങൾ പുറത്തു വന്നത്. സൈനികനെ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൈ വീശി ആദ്യം അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളിൽ കിളികൊല്ലൂർ സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയാണ് മറനീക്കി പുറത്തുവരുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചാണ് സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.

സ്റ്റേഷനിലെ തർക്കത്തിനിടെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രൻ ആണ് ആദ്യം സൈനികൻ വിഷ്ണുവിന്റെ മുഖത്ത് അടിക്കുന്നത്. ഇക്കാര്യം പൊലീസ് തന്നെ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളിൽ കാണാം. കിളികൊല്ലൂർ പൊലീസ് മർദനത്തിന്റെയടക്കം പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ ഇടത് സൈബർ ആക്രമണമാണുണ്ടാകുന്നത്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും പിണറായി വിജയൻ ഒഴിഞ്ഞ് നിന്ന് മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണമെന്നും അടക്കമാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ ഉള്ളടക്കം. ഇടത് സഹയാത്രികരിൽ നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റുകൾ ആഭ്യന്തര വകുപ്പിനെതിരെ തൊടുത്തുവിടുന്നത്.

Story Highlights: Kollam Kilikollur Police CCTV footage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here