എസ് രാജേന്ദ്രൻ പാർട്ടിക്കെതിരെ പണിയുകയാണ്, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ നടപടിയുണ്ടാകും; എം.എം മണി

എസ് രാജേന്ദ്രന് മറുപടിയുമായി എം.എം മണി. എസ് രാജേന്ദ്രൻ പാർട്ടിക്കെതിരെ പ്രവർത്തിച്ചുകൊണ്ടാണ് നടപടി എടുത്തത്. രാജേന്ദ്രൻ പാർട്ടിക്കെതിരെ പണിയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ തനിക്കെതിരെയും നടപടി ഉണ്ടാകും. മൂന്നാർ സർവീസ് സഹകരണ ബാങ്ക് വാങ്ങിയ റിസോർട്ടിനെ കുറിച്ച് കൂടുതൽ പറഞ്ഞാൽ രാജേന്ദ്രൻ തന്നെ പ്രതിയാകുമെന്നും രാജേന്ദ്രൻ പാർട്ടിക്ക് പുറത്താണെന്നും അദ്ദേഹം പ്രതികരിച്ചു.
മുന്‍മന്ത്രി എം എം മണിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിപിഐഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് എം എം മണിയാണെന്നാണ് എസ് രാജേന്ദ്രന്റെ വിമര്‍ശനം. ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് എം എം മണി ശ്രമിക്കുന്നതെന്നാണ് ആരോപണം. കൂട്ടത്തിലുള്ള ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നു. സിപിഐഎം പ്രാദേശിക ഘടകത്തിന്റെ അറിവോടെയാണിത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല പാര്‍ട്ടികളും തന്നെ സമീപിക്കുന്നുണ്ടെന്നാണ് എസ് രാജേന്ദ്രന്‍ പറയുന്നത്. എന്നാല്‍ തത്ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. എം എം മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ‘എം എം മണി ഒരു നല്ല നേതാവേയല്ല, പറയുന്നതത്രയും പച്ചക്കള്ളം’; വേണമെങ്കില്‍ നേതാവാക്കാമെന്ന് മാത്രമെന്ന് എസ് രാജേന്ദ്രന്‍
എം എം മണി നല്ല ഒരു നേതാവല്ലെന്നാണ് എസ് രാജേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്. വേണമെങ്കില്‍ ഒരു നേതാവാക്കാം എന്ന് മാത്രമേയുള്ളൂ. തന്നെക്കുറിച്ച് എം എം മണി പറയുന്നതത്രയും പച്ചക്കള്ളങ്ങളാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം താന്‍ പ്രകടിപ്പിച്ചിട്ടില്ല. സിപിഐഎം നേതാക്കള്‍ മൂന്നാര്‍ കോപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: M M Mani Against S Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here