പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി പോരാട്ടം സമനിലയിൽ (1-1)

Chelsea vs Manchester United: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി പോരാട്ടം സമനിലയിൽ. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. ചെൽസിയ്ക്ക് വേണ്ടി ഇറ്റാലിയൻ താരം ജോർജിൻഹോയും യുണൈറ്റഡിന് വേണ്ടി ബ്രസീലിയൻ താരം കാസെമിറോയുമാണ് ഗോൾ നേടിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത റെഡ് ഡെവിൾസാണ് ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ബ്ലൂസിൽ കനത്ത സമ്മർദ്ദം സൃഷ്ടിക്കാൻ യുണൈറ്റഡിന് കഴിഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ട ഗോൾ രഹിതമായ മത്സരത്തിന് ഒടുവിൽ ചെൽസിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി 87ാം മിനിറ്റിൽ ജോർജിൻഹോ അനായാസം യുണൈറ്റഡിന്‍റെ വലയിലെത്തിച്ചു.
തോൽവി മറികടക്കാൻ സമനില ഗോളിനായി യുണൈറ്റഡ് താരങ്ങൾ ഉണർന്നു കളിച്ചു. കളിയുടെ 94-ാം മിനിറ്റിൽ സ്റ്റോപ്പേജ് ടൈമിൽ സമനില ഗോൾ എത്തി. പ്രതിരോധ താരം ലൂക്ക് ഷാ ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് കാസെമിറോ ഹെഡിലൂടെ വലയിലെത്തിച്ചു. ലീഗിൽ പോയിന്‍റ് പട്ടികയിൽ 22 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്തും യുനൈറ്റഡ് (21) അഞ്ചാം സ്ഥാനത്തുമാണ്.
Story Highlights: Chelsea vs Manchester United
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here