കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി

കോഴിക്കോട് താമരശ്ശേരിയിൽ വ്യാപാരിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. തച്ചംപൊയിൽ ആവേലം മുരിങ്ങംപുറായിൽ അഷ്റഫിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷ്റഫ് രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. വെഴുപ്പൂരിൽ വച്ച് പിന്നാലെയെത്തിയ കാർ അഷ്റഫ് സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ നിറുത്തി. ഡ്രൈവർ ഉൾപ്പടെ നാലുപേർ പുറത്തിറങ്ങി അഷ്റഫിനെ ബലമായി പിടികൂടി കാറിൽ കയറ്റി. സംഘത്തിലെ ഒരാൾ സ്കൂട്ടർ റോഡരികിലേക്ക് മാറ്റി നിറുത്തിയ ശേഷം പുറകിൽ വന്ന കാറിലും കയറി രക്ഷപ്പെടുകയായിരുന്നു. മുക്കം ഭാഗത്തേക്കാണ് സംഘം പോയത്.
ഇവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രവാസിയായിരുന്ന അഷ്റഫിന് അവിടെ വച്ച് ചില സാമ്പത്തിക ഇടപാട് തർക്കങ്ങളുണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് പൊലീസ് നിഗമനം. താമരശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Story Highlights: kozhikode business man kidnapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here