കോയമ്പത്തൂർ സ്ഫോടനം: അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ് ബന്ധവും

കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ.എസ്. ബന്ധവും. പിടിയിലായ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്. മുബീന്റെ വീട്ടിലെ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. ( Coimbatore blast IS connection ).
കോയമ്പത്തൂർ നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ അഞ്ചു പേരാണ് പിടിയിലായത്. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായിൽ, ഫിറോസ് ഇസ്മായിൽ, മുഹമ്മദ് തൊഹൽക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം സ്വദേശി ജമേഷ മുബീൻ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി ദ്രുത കർമ സേനയേയും നിയോഗിച്ചിട്ടുണ്ട്.
Read Also: കോയമ്പത്തൂർ സ്ഫോടന കേസ്; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി
ഞായറാഴ്ച പുലർച്ചെ ഉക്കടം കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ കാർ രണ്ടായി പിളരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീൻ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബോംബ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു.
പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ, സൾഫർ തുടങ്ങിയവയാണ് കണ്ടെടുത്തത്.
സ്ഫോടനത്തിൽ തകർന്ന കാറിൽ ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ആണികളും മാർബിൾ കഷണങ്ങളും കണ്ടെത്തി. എൻജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീനെ ഐഎസ് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് 2019-ൽ എൻഐഎ ചോദ്യംചെയ്തിരുന്നു.
Story Highlights: Coimbatore blast IS connection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here