ഐസിസി റാങ്കിംഗ്: നേട്ടമുണ്ടാക്കി കോലി; സൂര്യകുമാർ യാദവിനു തിരിച്ചടി

ഐസിസി റാങ്കിംഗിൽ നേട്ടമുണ്ടാക്കി വിരാട് കോലി. ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് കോലി ടി-20 ബാറ്റർമാരുടെ റാങ്കിംഗിൽ മുന്നേറിയത്. അഞ്ച് സ്ഥാനം മുന്നോട്ടുകയറിയ കോലി പട്ടികയിൽ 9ആം സ്ഥാനത്തെത്തി. 635 ആണ് കോലിയുടെ റേറ്റിംഗ്. അതേസമയം, ബാറ്റർ സൂര്യകുമാർ യാദവ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി. രണ്ടാം സ്ഥാനത്തായിരുന്ന താരം ഇപ്പോൾ മൂന്നാമതാണ്.
പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 849 ആണ് റിസ്വാൻ്റെ റേറ്റിംഗ്. ന്യൂസീലൻഡിൻ്റെ ഡെവോൺ കോൺവേ 831 റേറ്റിംഗുമായി പട്ടികയിൽ രണ്ടാമതാണ്. ടി-20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ 58 പന്തിൽ 92 റൺസ് നേടിയതാണ് കോൺവേയെ തുണച്ചത്. മൂന്നാമതുള്ള സൂര്യകുമാർ യാദവിന് 828 റേറ്റിംഗുണ്ട്. പാക് നായകൻ ബാബർ അസം 799 റേറ്റിംഗുമായി നാലാം സ്ഥാനത്താണ്.
ബൗളർമാരിൽ അഫ്ഗാനിസ്താൻ്റെ റാഷിദ് ഖാൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് രണ്ടാം സ്ഥാനത്താണ്. 702, 699 എന്നിങ്ങനെയാണ് ഇരുവരുടെയും റേറ്റിംഗ്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി (681), അഫ്ഗാനിസ്താൻ്റെ മുജീബ് റഹ്‌മാൻ (677), ശ്രീലങ്കയുടെ മഹീഷ് തീക്ഷണ (669) എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
ഓൾറൗണ്ടർമാരിൽ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ (261 റേറ്റിംഗ്) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബി (247) രണ്ടാമതാണ്. ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ 189 റേറ്റിംഗുമായി മൂന്നാമതുണ്ട്.
Story Highlights: icc ranking virat kohli suryakumar yadav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here