നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പുരോഗതിയില്ലാത്ത എസ്.പി.വികളെ മാറ്റും: കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്തി മന്ത്രി

സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തി പുരോഗതി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ആശുപത്രികളില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികളുടെ വികസനം എത്രയും വേഗം സാധ്യമാക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തടസമായ വിഷയങ്ങള്‍ ഇടപെട്ട് പരിഹരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പുരോഗതിയില്ലാത്ത എസ്.പി.വി.കളെ മാറ്റുന്നത് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.വകുപ്പിന് കീഴിലുള്ള ആശുപത്രികളുടേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളുടേയും വെവ്വേറെ യോഗങ്ങളാണ് കൂടിയത്. വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന വികസന പദ്ധതികളുടെ എസ്.പി.വി.കളായ ഇന്‍കല്‍, കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്., കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., കിറ്റ്‌കോ, ഹൈറ്റ്‌സ് എന്നിവയുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തികളിലെ കാലതാമസം ഒഴിവാക്കാന്‍ കൃത്യമായി ഇടപെടണമെന്ന് എസ്.പി.വി.കള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
കാസര്‍ഗോഡ് ജില്ലയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കേണ്ടതാണ്. പുതുതായി അനുമതി ലഭ്യമായ കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളിലെ ഹോസ്റ്റല്‍ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും യോഗം വിലയിരുത്തി.
Story Highlights: Minister assessed the progress of KIFB projects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here