കെനിയയിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം പാകിസ്താൻ അന്വേഷിക്കും

പ്രമുഖ മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ് കൊല്ലപ്പെട്ട സംഭവം പാകിസ്താൻ അന്വേഷിക്കും. കൊലപാതകം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ പാക്ക് സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാത്രിയാണ് കെനിയയിൽ ലോക്കൽ പൊലീസിന്റെ വെടിയേറ്റ് ഷെരീഫ് മരിച്ചത്.
മാധ്യമപ്രവർത്തകൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് കൊലപാതകം ഔദ്യോഗികമായി അന്വേഷിക്കാൻ തീരുമാനിച്ചത്. ദാരുണമായ സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി, ഒരു സ്വതന്ത്ര അന്വേഷണം കൊലപാതകത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും വെളിച്ചത്തുകൊണ്ടുവരുമെന്ന് രാജ്യത്തിന് ഉറപ്പുനൽകി. മന്ത്രിസഭയിൽ നിന്ന് സർക്കാർ അനുമതി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ പാക്ക് സൈന്യവും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ജുഡീഷ്യൽ കമ്മീഷൻ മേധാവിക്ക് സിവിൽ സമൂഹത്തിൽ നിന്നും മാധ്യമ സമൂഹത്തിൽ നിന്നും മറ്റ് അംഗങ്ങളെ നിയമിക്കാനും വസ്തുതകൾ കണ്ടെത്താനും കഴിയുമെന്ന് വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബും പ്രസ്താവനയിലൂടെ അറിയിച്ചു. തിങ്കളാഴ്ച മാധ്യമപ്രവർത്തകന്റെ ഭാര്യയാണ് കൊലപാതക വിവരം പുറത്തുവിടുന്നത്. മാധ്യമപ്രവർത്തകൻ ദേശവിരുദ്ധ പ്രസംഗം നടത്തുകയും രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി സുരക്ഷാ ഏജൻസികൾ ആരോപിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അടുത്ത ARY ടിവി റിപ്പോർട്ടറും ടിവി അവതാരകനുമായ അർഷാദ് ഷെരീഫ് (49) കെനിയയിലാണ് താമസിച്ചിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിനിടെ ഷരീഫിന് അബദ്ധത്തിൽ വെടിയേറ്റതായി പൊലീസ് വിശദീകരിക്കുന്നു. ഇമ്രാൻ ഖാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും അതിന്റെ മുതിർന്ന നേതാക്കളും അർഷാദ് ഷെരീഫിന്റെ കൊലപാതകത്തെ അപലപിക്കുകയും ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
Story Highlights: Pakistan to probe killing of journalist in Kenya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here