‘അവിശ്വസനീയമായ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന നേതാവ്’; സതീശന്‍ പാച്ചേനിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

അന്തരിച്ച മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ മരണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും വിയോഗത്തില്‍ താങ്ങാന്‍ പറ്റാത്ത വേദനയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘വളരെ ചെറുപ്പത്തിലേ മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലുമൊക്കെ ഒന്നിച്ച് പ്രവര്‍ത്തിച്ചു. ഒരുമിച്ച് യാത്രകള്‍ ചെയ്തു. പറഞ്ഞാല്‍ പോലും വിശ്വസിക്കാത്ത തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുവന്ന നേതാവാണ് അദ്ദേഹം.
ജീവിക്കാന്‍ നിവൃത്തിയില്ലതെ വന്നപ്പോള്‍ പണ്ട് തൂമ്പ എടുത്ത് കിളയ്ക്കാനിറങ്ങിയ കഥയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അതെല്ലാം മറികടന്ന് വന്നയാളാണ്. ആരോടും ശത്രുത വച്ചുപുലര്‍ത്തിയിട്ടില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഗാന്ധിയന്‍ ജീവിതം…’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
അഞ്ച് വര്‍ഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. ഈ മാസം 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവര്‍ത്തിച്ചു.
Read Also: കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു
അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ല്‍ തളിപ്പറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001ലും 2006ലും വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ മത്സരിച്ചു. 2009ല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ എംബി രാജേഷിനെതിരെ മത്സരിച്ചു. 2016ലും 2021ലും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും സതീശന്‍ പാച്ചേനി മത്സരിച്ചു.
Story Highlights: vd satheeshan about satheesan pacheni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here