Advertisement

കണ്ണൂര്‍ മെഡിക്കല്‍ കോളജ് നഴ്‌സുമാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയായി

October 29, 2022
Google News 1 minute Read

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 508 നഴ്‌സുമാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷന്‍. പരിയാരം മെഡിക്കല്‍ കോളജിലെ അധ്യാപക വിഭാഗം ജീവനക്കാരും വിവിധ കേഡറിലുള്ള നഴ്‌സിംഗ് വിഭാഗം ജീവനക്കാരും ഉള്‍പ്പെടെ 668 പേരെ സര്‍വീസില്‍ ഉള്‍പ്പെടുത്തി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മറ്റുള്ള ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ്, പരിയാരം ദന്തല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം കോളജ് ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്‌സിംഗ് വിഭാഗം ജീവനക്കാരെയാണ് ഇന്റഗ്രേറ്റ് ചെയ്തു വരുന്നത്.

പരിയാരം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി അടുത്തിടെ 20 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. വിവിധ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിന് 50.87 കോടി രൂപ അനുവദിച്ചു. ആദ്യമായി പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിച്ചു. 1.74 കോടി രൂപയുടെ ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. ട്രോമകെയര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് 51 കോടി രൂപ കിഫ്ബി അനുവദിച്ചു. ഇതുകൂടാതെ 35.52 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

Story Highlights: Kannur Medical College nurses Integration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here