‘ശ്രവണ സഹായി നഷ്ടപ്പെട്ട റോഷന് സഹായവുമായി തിരുവനന്തപുരം നഗരസഭ’; കിട്ടിയില്ലെങ്കിൽ പുതിയത് വാങ്ങി നൽകും

സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായ ബധിര വിദ്യാര്‍ഥി റോഷന് സഹായം പ്രഖ്യാപിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിനു നഗരസഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(thiruvananthapuram corporation helps roshan hear aid)
മകന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഒപ്പം മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഇതിനു പിന്നാലെയാണ് മേയറുടെ അറിയിപ്പ്. കണ്ടുകിട്ടുന്നവര്‍ കോര്‍പ്പറേഷനേയോ 9895444067 എന്ന നമ്പറിലോ അറിയിക്കണമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ അഭ്യര്‍ത്ഥന.
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
സ്പോൺസര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പുതിയ ശ്രവണ സഹായി വാങ്ങാനാണ് തീരുമാനം. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി പ്രകാരം റോഷന് ലഭിച്ചതാണ് ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി. കഴിഞ്ഞ ദിവസം അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് ശ്രവണ സഹായി സൂക്ഷിച്ച ബാഗ് നഷ്ടമായത്.
മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയും വിദ്യാർത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്ക്കൂളിൽ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാർത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാർത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നൽകാൻ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാൻ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവർ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.
മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കിൽ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ ….
Story Highlights: thiruvananthapuram corporation helps roshan hear aid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here