Advertisement

‘ആദ്യം ഞാൻ തരിച്ചുനിന്ന് പോയി. പക്ഷെ ഉടൻ എടാ എന്ന് വിളിച്ച് അയാളുടെ പിന്നാലെ പോയി’; തിരുവനന്തപുരത്ത് വച്ച് നേരിട്ട അക്രമത്തെ കുറിച്ച് യുവതി

October 29, 2022
Google News 2 minutes Read
woman narrates her terrific experience

തിരുവനന്തപുരം മ്യൂസിയത്തിൽ പ്രഭാത സവാരിക്ക് എത്തിയ യുവതിയെ ആക്രമിച്ച സംഭവം വിശദീകരിച്ച് അക്രമത്തിനിരയായ യുവതി. ട്വന്റിഫോറിന്റെ ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിൽ തത്സമയമെത്തിയാണ് താൻ നേരിട്ട ദുരനുഭവം വിവരിച്ചത്. ( woman narrates her terrific experience )

‘ഞാൻ എല്ലാ ദിവസവും പ്രഭാത സവാരിക്ക് പോകുന്ന വ്യക്തിയാണ്. മ്യൂസിയം സ്‌റ്റേഷനടുത്തുള്ള ഗേറ്റിലൂടെയാണ് സ്ഥിരം പോകുന്നത്. രാവിലെ 5 മണിക്കേ ഗേറ്റ് തുറക്കാറുള്ളു. അന്ന് ആ ഗേറ്റ് തുറക്കാതിരുന്നതുകൊണ്ട് ഞാൻ കോർപറേഷന്റെ സൈഡിലേക്കുള്ള വെസ്റ്റ് ഗേറ്റിലേക്ക് നടന്നു. പ്രതി എനിക്കെതിരെ നടന്ന് വരുന്നത് ഞാൻ കണ്ടു. പ്രഭാത സവാരിക്കിടെ നിരവധി പേർ സമീപത്തുകൂടി നടന്ന് പോകാറുണ്ട്. അതുകൊണ്ട് ഒരു അപകടം സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ലായിരുന്നു. ജയൻ സ്മാരകത്തിന്റെ ഓപ്പോസിറ്റുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പിന്നിട്ടതോടെ ഇയാൾ എന്നെ ആക്രമിക്കുകയായിരുന്നു. ഒന്നു രണ്ട് സെക്കൻഡ് ഞാൻ സ്തബ്ധയായിപ്പോയി. പക്ഷേ ഉടൻ ഞാൻ ‘എടാ’ എന്ന് വിളിച്ച് പിന്നാലെ പോയി. ഉടൻ അയാൾ ഓടി മ്യൂസിയത്തിന്റെ മതിൽ ചാടി അതിനകത്ത് കയറി. ഞാൻ ഉടൻ സെക്യൂരിറ്റി ഓഫിസറെ വിളിച്ച് കാര്യം പറഞ്ഞു. അതിന് ശേഷം അവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്താൻ വൈകിയിരുന്നു. പൊലീസ് എത്തിയ ഉടൻ അയാൾ മ്യൂസിയത്തിൽ മറഞ്ഞിരിക്കുകയാണെന്ന് ഞാൻ പറഞ്ഞിരുന്നു. ക്രൈം നടക്കുന്നത് 4.35 നാണ്. ഇയാൾ വന്നിറങ്ങിയ കാർ എടുത്ത് പോകുന്നത് 5.10നാണ്. ഇത്ര സമയം അയാൾ ക്രൈംസ്‌പോട്ടിൽ തന്നെയുണ്ടായിരുന്നു. പൊലീസ് കൃത്യമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ അയാളെ അവിടെ വച്ച് തന്നെ പിടികൂടാമായിരുന്നു’- അക്രമത്തിനിരയായ യുവതി പറയുന്നു.

അക്രമിയുടെ വണ്ടി നമ്പർ സിസിടിവിയിൽ പതിഞ്ഞിരിക്കുമെന്നും അതുവച്ച് അക്രമിയെ പിടികൂടാമെന്നുമായിരുന്നു യുവതിയുടെ കണക്കുകൂട്ടൽ. എന്നാൽ പ്രദേശത്തെ സിസിടിവികൾ പ്രവർത്തനരഹിതമാണെന്നായിരുന്നു പൊലീസിന്റെ മറുപടി. നിലവിലുള്ള അന്വേഷണത്തിൽ താൻ തൃപ്തയല്ലെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: പ്രഭാത സവാരിക്കെത്തിയ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പുറത്ത്

അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. യുവതിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.ഈ ചിത്രം ഉപയോഗിച്ചും നഗരത്തിലെ മറ്റിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. അക്രമിയുടെ കാർ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്.

വീഴ്ച ഉണ്ടായി എന്ന ആരോപണങ്ങളെ പൊലീസ് പൂർണമായും തള്ളുകയാണ്. ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടായെന്നും,കൂടുതൽ വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഇന്നലെ ഡി.സി.പി വ്യക്തമാക്കിയിരുന്നു.

Story Highlights: woman narrates her terrific experience

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here