റോഷന് കൈത്താങ്ങായി തിരുവനന്തപുരം നഗരസഭ; മേയര്‍ ആര്യ രാജേന്ദ്രന്‍ ശ്രവണ സഹായി കൈമാറും

സ്‌കൂളില്‍ നിന്ന് മടങ്ങുന്ന വഴി ശ്രവണ സഹായി നഷ്ടമായ വിദ്യാര്‍ത്ഥി റോഷന് തിരുവനന്തപുരം നഗരസഭയുടെ കൈത്താങ്ങ്. ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ റോഷന് പുതിയ ശ്രവണ സഹായി കൈമാറും. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് മേയറുടെ നേതൃത്വത്തില്‍ റോഷന് കേള്‍വി പരിമിതിയില്ലാതെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നത്.
‘രാജാജി നഗറിലെ റോഷന് പുതിയ ശ്രവണ സഹായി കൈമാറുകയാണ്. രാവിലെ 9 മണിക്ക് റോഷന്റെ വീട്ടിലെത്തി ശ്രവണസഹായി നല്‍കാനാണ് തീരുമാനം. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് ഈ ലക്ഷ്യം നിറവേറ്റുന്നത്. നിരവധി പേരാണ് റോഷനെ സഹായിക്കാന്‍ വേണ്ടി നഗരസഭയെ സമീപിച്ചത്. നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കട്ടെ….’. മേയര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശി റോഷന്‍ സ്‌ക്കൂളില്‍ നിന്ന് വരുന്നവഴി ശ്രവണ സഹായി അടങ്ങിയ ബാഗ് നഷ്ടമായത്. ഇതോടെ റോഷന്റെ പഠനം തന്നെ ബുദ്ധിമുട്ടിലായി. ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ശ്രവണ സഹായിയാണ് നഷ്ടപ്പെട്ടത്. പെട്ടന്ന് മറ്റൊന്ന് വാങ്ങി നല്‍കാനുള്ള സാഹചര്യം കുടുംബത്തിന് പ്രയാസമാണെന്നിരിക്കെയാണ് മേയറുടെ ഇടപെടല്‍. ശ്രവണ സഹായി കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്ന് മേയര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ശ്രവണ സഹായി തിരികെ കിട്ടിയില്ലെങ്കില്‍ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കുമെന്നും ആര്യ രാജേന്ദ്രന്‍ വാക്കുനല്‍കിയിരുന്നു. തുടര്‍ന്നാണ് മേയര്‍ വാക്കുപാലിച്ചത്.
Story Highlights: Arya Rajendran will hand over hearing aid to roshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here