Advertisement

Kerala Piravi: ദൈവത്തിന്റെ സ്വന്തം നാട്; കേരളത്തെക്കുറിച്ച് അറിയേണ്ടത്

October 31, 2022
Google News 1 minute Read

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെടുന്ന കേരളം ഒരു പറുദീസയാണ്. കുന്നുകളും കടൽത്തീരങ്ങളും മുതൽ കോട്ടകളും ക്ഷേത്രങ്ങളും വരെയുള്ള സാംസ്കാരിക വൈവിധ്യവും സാഹസികതയും നിറഞ്ഞ നിരവധി സ്ഥലങ്ങൾ, പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പത്തും, അഴകും, അപൂര്‍വതകളും കൊണ്ട് “ദൈവത്തിന്റെ സ്വന്തം നാട്” എന്നു വിശേഷിക്കപ്പെടുന്ന കേരളം ആ പേരിനു തികച്ചും അര്‍ഹം തന്നെ.

ആയുർവേദ ചികിത്സയുടെ ഈറ്റില്ലം

സ്വദേശികളും വിദേശികളുമടക്കം ആയുർവേദ ചികിത്സയ്ക്കായി നമ്മുടെ കൊച്ചു സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നവരുടെ കണക്ക് വർഷം തോറും കൂടുകയാണ്. കാരണം മറ്റൊന്നുമല്ല, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് തനതായ ആയുർവേദ പാരമ്പര്യമുണ്ട്. അത് സ്വദേശി, വിദേശ മരുന്നുകളേക്കാൾ ഫലപ്രദമാണെന്ന് കാലാകാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അവരുടെ പ്രാഥമിക ചികിത്സാ മാർഗ്ഗമായി അലോപ്പതിയെ ആശ്രയിക്കുന്നു എങ്കിലും, കേരളത്തിന് വിവരിക്കാൻ വ്യത്യസ്തമായ ഒരു കഥയുണ്ട്. ഇവിടെ ആയുർവേദം ആണ് മുഖ്യധാരയിൽ. ഇന്നത്തെ കാലത്ത്, ആയുർവേദം ശുദ്ധമായ സമർപ്പണത്തോടെ ആചരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

ഇന്ത്യയിൽ ആദ്യമായി മഴ ലഭിക്കുന്ന സംസ്ഥാനം

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്നത് കേരളത്തിലാണ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജൂലൈ മാസത്തിൽ മഴ ലഭിക്കുമ്പോൾ ജൂൺ ആദ്യവാരം കേരളത്തിൽ മഴ ലഭിക്കും. ശരാശരി വാർഷിക വർഷപാതം 300 സെന്റിമീറ്ററിനടുത്താണ്. തെക്കുപടിഞ്ഞാറൻ മൺസൂണിൽ (ഇടവപ്പാതി) നിന്നാണ് കേരളത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇക്കാലത്ത് ശരാശരി 200 സെന്റിമീറ്റർ വരെ മഴ കിട്ടാറുണ്ട്. ജൂലായിലാണ് ഏറ്റവുമധികം മഴ കിട്ടുന്നത്. വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) കാലത്ത് ശരാശരി 50 സെന്റിമീറ്റർ വരെ മഴ പെയ്യുന്നു. വേനൽമഴയായി ശരാശരി 40 സെന്റിമീറ്റർ മഴയും ലഭിക്കാറുണ്ട്. ഏറ്റവും കുറവ് മഴ ലഭിക്കുന്നത് ജനുവരിയിലാണ്.

ഏറ്റവും സമ്പന്നമായ ക്ഷേത്രം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ആണ് പത്മനാഭ സ്വാമി ക്ഷേത്രം, തലസ്ഥാന നഗരിയുടെ മുഖമുദ്ര ആണ് ഈ ക്ഷേത്രം. ഇനിയും പൂര്‍ണമായും അളന്നു തിട്ടപ്പെടുത്താത്ത സമ്പത്താണ് പത്മനാഭന്റെ നിലവറയിലുള്ളത്. തുറക്കാനാവാത്ത നിലവറയും കണ്ണഞ്ചിപ്പിക്കുന്ന രത്‌നങ്ങളും സ്വര്‍ണവും നിരവധി ദുരൂഹ കഥകളുമെല്ലാം ചേര്‍ന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന പെരുമ. ദിനംപ്രതി നിരവധിപേരാണ് പത്മനാഭന്റെ മണ്ണിലേക്ക് എത്തിച്ചേരുന്നത്.

കേരങ്ങളുടെ നാട്

കേരളം എന്നാൽ കേരങ്ങളുടെ നാട് എന്നാണ് .
പഴയ പ്രതാപമില്ലായിരിക്കാം. പക്ഷേ, നാളികേരം ഇന്നും കേരളത്തിലെ ഗ്രാമീണസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തെ കേരളമാക്കിയതില്‍ തേങ്ങയ്ക്കുള്ള പങ്ക് ചെറുതല്ല.

ഇന്ത്യയിലെ ആദ്യത്തെ പള്ളിയും സിനഗോഗും സ്ഥിതി ചെയ്യുന്ന സ്ഥലം

ഇന്ത്യയിലെ ആദ്യത്തെ പള്ളിയും മോസ്കും സിനഗോഗും പണിതത് കേരളത്തിലാണ്. കേരളത്തിലെ തൃശൂർ ജില്ലയിലെ ചേരമാൻ ജുമാ മസ്ജിദ് AD 629 ൽ മാലിക് ഇബ്നു ദിനാർ നിർമ്മിച്ചതാണ്.

കേരളത്തിലെ തൃശൂർ ജില്ലയിലെ പാലയൂരിൽ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ചർച്ച്, എ ഡി 52-ൽ യേശുക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസ് സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു. കൊച്ചിയിലെ സിനഗോഗ് രാജ്യത്തെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ സിനഗോഗാണ്. 1567-ൽ പണികഴിപ്പിച്ച കൊച്ചിൻ ജൂതന്മാരുടെ ഏഴ് സിനഗോഗുകളിൽ ഒന്നാണിത്.

രാജ്യത്തെ ഏറ്റവും വലിയ റബ്ബർ ഉത്പാദകർ

ലോകത്തെ ഏറ്റവും വലിയ റബ്ബർ ഉൽപ്പാദക രാജ്യങ്ങളിൽ നാലാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം റബ്ബറിന്റെ 90 ശതമാനത്തിലേറെയും ഉൽപ്പാദിപ്പിക്കുന്നത് കേരളത്തിൽ നിന്ന് മാത്രമാണ്.

ഇന്ത്യയിലെ വൃത്തിയുള്ള സംസ്ഥാനം

നാഷണൽ സാമ്പിൾ സർവേ ഓഫീസ് (എൻഎസ്എസ്) നടത്തിയ സർവേ പ്രകാരം, കേരളം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. പ്രകൃതി സൗന്ദര്യം കണക്കിലെടുത്ത് ദൈവത്തിന്റെ സ്വന്തം നാട് എന്നും അറിയപ്പെടുന്നു. പടിഞ്ഞാറ് അറബിക്കടലാലും കായലുകളുടെ കണ്ണികളാലും ചുറ്റപ്പെട്ടതാണ് കേരളം.

മികച്ച സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം

സാക്ഷരതയുടെ കാര്യത്തിൽ കേരളം രാജ്യത്ത് മികച്ച നിലവാരം പുലർത്തുന്നു. 2011 ലെ സെൻസസ് പ്രകാരം, ഏകദേശം 93.91% സാക്ഷരതയുള്ള ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായിരുന്നു കേരളം.

ഇന്ത്യയുടെ സ്പൈസ് കോസ്റ്റ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഭക്ഷണ വിഭവങ്ങൾ രുചികരവും സുഗന്ധമുള്ളതും പ്രശസ്തവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ അടിസ്ഥാന കേന്ദ്രമായി കേരളം കണക്കാക്കപ്പെടുന്നു.

Story Highlights: Kerala Piravi: Facts About Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here