നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മസ്‌ക്?; ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടു

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടുള്ള ഇലോണ്‍ മസ്‌കിന്റെ നടപടി ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ട്വിറ്ററിന് മേലുള്ള തന്റെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടു. ഇതോടെ ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗം മസ്‌കായി മാറി. റിപ്പോര്‍ട്ടിനെ കുറിച്ച് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല.
പുതിയ മാറ്റങ്ങളോടെ ഇലോണ്‍ മസ്‌ക് മൂന്ന് കമ്പനികളുടെ ചീഫ് എക്‌സിക്യുട്ടീവ് ആയി മാറിയിരിക്കുകയാണ്. ട്വിറ്ററിലെ മുഖ്യസ്ഥാനം ഏറ്റെടുക്കുന്നതിനൊപ്പം ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെയും റോക്കറ്റ് കമ്പനിയായ സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യൂട്ടീവാണ് മസ്‌ക്.
Read Also: ഇലോൺ മസ്‌കിന്റെ ട്വിറ്റർ നിക്ഷേപകരിൽ സൗദി രാജകുമാരനും ജാക്ക് ഡോർസിയും…
അതേസമയം കമ്പനിയുടെ 25 ശതമാനം ജീവനക്കാരെ ബാധിച്ചേക്കാവുന്ന വെട്ടിക്കുറച്ചില്‍ ആലോചനയിലാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പിരിച്ചുവിടേണ്ടവരുടെ ലിസ്റ്റ് തയാറാക്കാന്‍ മസ്‌ക് മാനേജര്‍മാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ആവശ്യമില്ലാത്തതും എത്രയും വേഗം പുറത്താക്കാവുന്നതുമായ ടീം അംഗങ്ങളുടെ പട്ടിക തയാറാക്കാനാണ് മസ്‌ക് മാനേജര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എത്ര ജീവനക്കാരെ പിരിച്ചുവിടും തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ആഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 ശതമാനം ട്വിറ്റര്‍ ജീവനക്കാരെയും പിരിച്ചുവിടുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇത് മസ്‌ക് നിഷേധിക്കുകയും ചെയ്തിരുന്നു. ഇത്തരം പദ്ധതികളൊന്നും തനിക്കില്ലെന്നും ഇത്രയുമധികം ജീവനക്കാരെ പിരിച്ചുവിടില്ലെന്നും മസ്‌ക് വ്യക്തമാക്കി.
Story Highlights: elon musk dissolves board of directors twitter