Advertisement

മൂന്നു വർഷത്തിനിടെ മലയാളി തോക്കെടുത്തത് 10 തവണ; ക്രിമിനലുകൾക്കിടയിൽ തോക്ക് പ്രിയം വർധിക്കുന്നോ?

November 2, 2022
Google News 2 minutes Read
kerala gun violence statistics

തോക്കും വെടിവെപ്പുമൊക്കെ ഉത്തരേന്ത്യൻ ശൈലിയാണെന്നും തോക്കെടുക്കാത്ത കേരളം മെച്ചമാണെന്നും നമ്മൾ മലയാളികൾക്കെങ്കിലും ഒരു അഭിമാനമുണ്ടായിരുന്നു. എന്നാൽ അതൊക്കെ അവസാനിക്കുകയാണെന്ന സൂചനയാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. അടുത്തിടെ നടന്ന ചില സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് അപകടകരമായ സ്ഥിതിയിലേക്കാണ്. മൂന്നുവർഷത്തിനിടെ കേരളത്തിൽ വെടിയേറ്റു മരിച്ചത് പത്ത് പേരാണ്. (kerala gun violence statistics)

Read Also: കൊച്ചി ബാറിലെ വെടിവയ്പ്പ്; ഫൊറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തും

എറണാകുളം കുണ്ടന്നൂരിലെ ഒ ജി എസ് കാന്താരി എന്ന ബാറിൽ കഴിഞ്ഞ ദിവസം ഭിത്തിയിലേക്ക് വെടിയുതിർത്തവർ പിടിയിലായിട്ടുണ്ട്. വെടിവച്ചത് ജയിൽ മോചിതനായ ആളും കൂടെയുണ്ടായിരുന്നത് അഭിഭാഷകനുമായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് ബാർ ജീവനക്കാർ വിവരം പൊലീസിനെ അറിയിച്ചത്. കൊല്ലം സ്വദേശി സോജനാണ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്. ദേശീയപാതയോട് ചേർന്നുള്ള ബാറിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സോജനും ഹെറാൾഡും എത്തിയത്. രണ്ട് മണിക്കൂറോളം ലോക്കൽ ബാറായ താപ്പാനയിൽ ഇരുന്ന മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിൻ്റെ പണം നൽകി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറിൽ നിന്നും റിവോൾവർ പുറത്തെടുത്ത് സോജൻ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്പ്പ് വെടിവപ്പിൽ അങ്കലാപ്പിലായ ജീവനക്കാർ എന്തു വേണമെന്നറിയാതെ നിൽക്കുമ്പോൾ ഇരുവരും കൂളായി പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി. 

കൊട്ടാരക്കരയിൽ അഭിഭാഷകനാണ് വെടിയേറ്റത്. വെടിയേറ്റ അഭിഭാഷകനായ മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുകേഷിന്റെ സുഹൃത്തും അയൽവാസിയുമായ പ്രൈം ബേബി അലക്‌സാണ് എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. മുകേഷിന്റെ തോളിനാണ് പരുക്കേറ്റത്. പ്രൈം അലക്‌സിനെ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് പ്രൈം അലക്‌സ്.

കേരളത്തിൽ മൂന്നു വർഷത്തിനിടെ പത്തു പേർ വെടിയേറ്റു മരിച്ചെന്നത് ആരെയും ഞെട്ടിക്കുന്നതാണ്. 2014 മുതലുള്ള കണക്കു നോക്കിയാൽ മരിച്ചവരുടെ എണ്ണം 14 . 2014 മാർച്ച് രണ്ടിന് ഇടുക്കി രാജകുമാരിയിൽ ജീപ്പ് ഡ്രൈവർ ജിജിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് സജി ആത്മഹത്യ ചെയ്തു. 2018 ഡിസംബറിൽ നടി ലീന മരിയാ പോളിൻ്റെ കൊച്ചിയിലുള്ള ബ്യൂട്ടി പാർലറിൽ വെടിവെപ്പുണ്ടായി. 2019 മേയ് 24 ന് വയനാട് പുൽപ്പള്ളി സ്വദേശി ചാർളിയുടെ വെടിയേറ്റ് അമരക്കുനി സ്വദേശി നിതിൻ പത്മനാഭൻ മരിച്ചു. 2020 ഓഗസ്റ്റിൽ ഇടുക്കി മറയൂർ പാളപ്പെട്ടി ഊരിലെ ചന്ദ്രികയെ വെടിവെച്ചു കൊന്നത് സഹോദരി പുത്രൻ കാളിയപ്പനാണ്. ചന്ദനക്കടത്തിനെക്കുറിച്ചുളള വിവരം പൊലീസിനു ചോർത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം.

Read Also: കുണ്ടന്നൂർ ബാറിലെ വെടിവെപ്പ്: പ്രതികൾ പിടിയിൽ

കഴിഞ്ഞ വർഷം മാർച്ച് 25ന് കണ്ണൂർ ചെറുപുഴ കനം വയലിൽ അയൽവാസികൾ തമ്മിലുളള തർക്കത്തിൽ കൊങ്ങോലയിൽ ബേബി വെടിയേറ്റു മരിച്ചു. കഴിഞ്ഞ വർഷം തന്നെ ജൂലൈ 30നാണ് കോതമംഗലത്തെ സ്വകാര്യ ദന്തൽ കോളജ് വിദ്യാർത്ഥി പി വി മാനസ കണ്ണൂർ സ്വദേശിയായ യുവാവിൻ്റെ വെടിയേറ്റു മരിച്ചത്. നവംബറിൽ വയനാട് കമ്പളക്കാട് സ്വദേശി ജയൻ കൃഷി സ്ഥലത്തു വെടിയേറ്റു മരിച്ചു. ഈ വർഷം മാർച്ച് 7 ന് കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് രഞ്ജു കുര്യൻ സഹോദരൻ്റെ വെടിയേറ്റു മരിച്ചത് വസ്തു തർക്കത്തെ തുടർന്നാണ്. മാർച്ച് 26ന് രാത്രി മൂലമറ്റത്ത് തട്ടുകടയിൽ എലപ്പളളി സ്വദേശി ബാബുവും വെടിയേറ്റാണ് മരിച്ചത്. ജൂൺ 15ന് കാസർഗോഡ് ബേക്കലിൽ കാട്ടുപന്നിയെ പിടിക്കാൻ വെച്ച തോക്കു കെണിയിൽ നിന്ന് വെടിയേറ്റു മരിച്ചത് കരിച്ചേരി കോളിക്കലിലെ എം മാധവൻ നമ്പ്യാർ ആണ്. ഇതേ മാസം തന്നെ മലപ്പുറം കോട്ടക്കൽ ആക്കപ്പറമ്പ് സ്വദേശി ഷാനു എന്ന ഇർഷാദും വെടിയേറ്റാണ് മരിച്ചത്

കഴിഞ്ഞ ദിവസങ്ങളിലെ വെടിവെപ്പ് ഒറ്റപ്പെട്ട സംഭവമെന്നു കരുതിയെങ്കിൽ നേരത്തെ പറഞ്ഞവ അമ്പരപ്പിക്കുന്നതാണ്. തോക്കെടുക്കുന്ന അക്രമികളോട് കിരീടം സിനിമയിൽ കത്തി താഴെയിടാൻ മോഹൻലാലിൻ്റെ കഥാപാത്രത്തോട് തിലകൻ്റെ കഥാപാത്രം പറഞ്ഞ ഡയലോഗ് അൽപ്പം വ്യത്യാസത്തോടെ പറയേണ്ടി വരും.

തോക്ക് താഴെയിടൂ എന്ന്.

Story Highlights: kerala gun violence statistics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here