Advertisement

ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

November 2, 2022
Google News 3 minutes Read
sriram krishnan helping out with elon musk for twitter

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ നിരവധി പുതിയ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി തുടങ്ങിയവരെ സ്ഥാനത്ത് നിന്ന് നീക്കുകയും ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും തുടങ്ങിയ തീരുമാനങ്ങള്‍ അവയില്‍ ചിലതായിരുന്നു.(sriram krishnan helping out with elon musk for twitter)

ഇന്ത്യന്‍ വംശജനായ സിഇഒ പരാഗ് അഗ്രവാളിനെ സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക്് നീക്കിയെങ്കിലും ഇപ്പോള്‍ ട്വിറ്ററിന് വേണ്ടി തന്നെ മറ്റൊരു ഇന്ത്യന്‍ വംശജനെ സഹായത്തിനായി സ്വീകരിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററില്‍ ഉടനടി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ ടെക്‌നോളജി എക്‌സിക്യുട്ടീവ് ആയ ശ്രീറാം കൃഷ്ണനെയാണ് മസ്‌ക് സമീപിച്ചിരിക്കുന്നത്.

ചെന്നൈയില്‍ ജനിച്ച ശ്രീറാം കൃഷ്ണന്‍, ലോകത്തെ തന്നെ ഏറ്റവും വലിയ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് കമ്പനിയായ ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സിന്റെ കീഴിലുള്ള എ14സെഡിന്റെ ജനറല്‍ പാര്‍ട്ണര്‍ ആണ്. മസ്‌ക് തന്നെ സമീപിച്ച കാര്യം ശ്രീറാം കൃഷ്ണന്‍ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന കമ്പനിയാണ് ട്വിറ്ററെന്നും മസ്‌കിനേ അത് സാധ്യമാകൂ എന്നും ശ്രീറാം ട്വീറ്റില്‍ പറഞ്ഞു.

നിരവധി സീനിയര്‍ പ്രൊഡക്ട് റോളുകള്‍ വഹിച്ച ശ്രീറാം കൃഷ്ണന്‍ ട്വിറ്ററിലെ മുന്‍ ജീവനക്കാരനായിരുന്നു. ഹോം ടൈംലൈന്‍, ന്യൂ യൂസര്‍ എക്‌സ്പീരിയന്‍സ്, സേര്‍ച്ച്, ഡിസ്‌കവറി, ഓഡിയന്‍സ് ഗ്രോത് തുടങ്ങിയ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു ശ്രീറാം അക്കാലത്ത്.

ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്തിരുന്ന മാതാപിതാക്കളുടെ മകനായി ചെന്നൈയില്‍ ജനിച്ച ശ്രീറാമിന്റെ ഭാര്യ ആരതി രാമമൂര്‍ത്തിയും ഇന്ത്യന്‍ വംശജയാണ്. 2003ല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോള്‍ കോളജില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് ന്യൂയോര്‍ക് ടൈംസ് ലേഖനത്തില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ തന്റെ കരിയര്‍ ആരംഭിച്ച ശ്രീറാം 2005ലാണ് യുഎസിലെ സിയാറ്റലിലേക്ക് മാറുന്നത്.

Read Also: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മസ്‌ക്?; ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടു

ട്വിറ്ററിന് പുറമെ യാഹൂ, ഫേസ്ബുക്ക്, സ്‌നാപ്പ് എന്നിവയിലും ശ്രീറാം കൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ആരതി നെറ്റ്ഫഌക്‌സിലും ഫേസ്ബുക്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ ക്ലബ്ബ്ഹൗസിലെ ‘ദ ഗുഡ് ടൈംസ് ഷോ’യില്‍ ശ്രീറാമിനും ആരതിക്കുമൊപ്പം മസ്‌കും പങ്കെടുത്തിരുന്നു. കാലിഫോര്‍ണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോളും മസ്‌കുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: ട്വിറ്റർ മുൻ സി.ഇ.ഒ പരാഗ് അഗർവാളിന് 4.2 കോടി ഡോളർ നഷ്ടപരിഹാര തുക നൽകേണ്ടി വരും

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ട്വിറ്ററിന്റെ നയങ്ങള്‍ മുമ്പ് ലംഘിച്ച ഉപയോക്താക്കള്‍ക്കുള്ള മോഡറേഷന്‍ നയങ്ങളും വിലക്കുകളും പുനപരിശോധിക്കാന്‍ മസ്‌ക് പദ്ധതിയിടുന്നുണ്ട്. കമ്പനിയില്‍ വലിയ പിരിച്ചുവിടലുകള്‍ നടത്താനും മസ്‌ക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ട്വിറ്ററിന് വേണ്ടി എത്രകാലം ശ്രീറാം കൃഷ്ണന്‍ മസ്‌കിനൊപ്പം പ്രവര്‍ത്തിക്കുമെന്നോ ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുമെന്നോ വ്യക്തമല്ല.

Story Highlights: sriram krishnan helping out with elon musk for twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here