Advertisement

കോലി ചതിച്ചു; ആരോപണവുമായി ബംഗ്ലാദേശ് താരം

November 3, 2022
Google News 6 minutes Read

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കോലി ചതിച്ചു എന്ന ആരോപണവുമായി ബംഗ്ലാദേശ് താരം നൂറുൽ ഹസൻ. ഫീൽഡ് ചെയ്യുന്നതിനിടെ കോലി ഫേക്ക് ത്രോ ചെയ്തെന്നും ഇതിന് അഞ്ച് റൺസ് പെനാൽറ്റി അനുവദിക്കേണ്ടതായിരുന്നു എന്നും താരം ആരോപിച്ചു. ഇന്ത്യയോട് ബംഗ്ലാദേശ് പരാജയപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ബംഗ്ലാദേശ്, പാകിസ്താൻ ആരാധകർ അമ്പയർമാർക്കെതിരെയടക്കം രംഗത്തുവന്നിരുന്നു.

ബംഗ്ലാദേശ് ഇന്നിംഗ്സിൻ്റെ ഏഴാം ഓവറിലായിരുന്നു സംഭവം. അർഷ്ദീപ് സിംഗ് ബൗണ്ടറിയിൽ നിന്ന് ഫീൽഡ് ചെയ്ത പന്ത് ദിനേഷ് കാർത്തികിന് എറിഞ്ഞുകൊടുക്കുന്നതിനിടെ കോലി ത്രോയുടെ ആംഗ്യം കാണിക്കുകയായിരുന്നു. ഓൺഫീൽഡ് അമ്പയർമാരായ മറൈസ് ഇറാസ്‌മസോ ക്രിസ് ബ്രൗണോ ഇത് ശ്രദ്ധിച്ചില്ല. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന ബംഗ്ലാദേശ് ബാറ്റർമാർ-ലിറ്റൺ സാസും നസ്‌മുൽ ഹുസൈൻ ഷാൻ്റോ- അപ്പീൽ ചെയ്തതുമില്ല. ഇതാണ് നൂറുൽ ഹസൻ ചൂണ്ടിക്കാണിച്ചത്.

എംസിസി ചട്ടങ്ങളിൽ 51.5 പ്രകാരം ബാറ്ററുടെ ശ്രദ്ധ തിരിക്കാനുള്ള, മനപൂർവമായ ഏതൊരു പ്രവൃത്തിയും കുറ്റകരമാണ്. ഇങ്ങനെയുള്ള അവസരത്തിൽ ബാറ്റിംഗ് ടീമിന് അഞ്ച് റൺസ് പെനാൽറ്റി അനുവദിക്കാം.

മത്സരത്തിൽ ബംഗ്ലാദേശിനെ 5 റൺസിന് തോൽപ്പിച്ച ഇന്ത്യ സെമി സാധ്യത സജീവമാക്കിയിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. ഗ്രൂപ്പിൽ ആറു പോയൻറുമായി ഇന്ത്യ ഒന്നാമതാണ്.

Story Highlights: virat kohli nurul hasan t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here