Advertisement

മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ കത്തില്‍ പ്രതിപക്ഷനിരയില്‍ ഭിന്നത; നടപടി ശരിയെന്ന് കെ സുധാകരന്‍; തള്ളി ലീഗ്

November 4, 2022
Google News 3 minutes Read

മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച ഗവര്‍ണറുടെ നടപടിയിലും പ്രതിപക്ഷനിരയില്‍ ഭിന്നത. ഗവര്‍ണറെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറുടെ നടപടി ബാലിശമാണെന്നായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്. (conflict in udf on governor letter to president of india)

ഗവര്‍ണറുടെ ബാലിശമായ നടപടികള്‍ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. എന്നാല്‍ വിദേശയാത്ര രാജ്ഭവനെ അറിയിച്ചില്ലെന്ന് കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് ശരിയായ നടപടിയെന്നാണ് സുധാകരന്റെ അഭിപ്രായം. മുഖ്യമന്ത്രിയും സര്‍ക്കാരും തെറ്റ് ചെയ്താല്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. മെറിറ്റ് നോക്കിയാണ് കോണ്‍ഗ്രസ് പ്രതികരിക്കുന്നത്. ഗവര്‍ണറുടെ നടപടിയില്‍ തെറ്റുമുണ്ട് ശരിയുമുണ്ട് എന്ന നിലപാടിലാണ് കെ സുധാകരന്‍. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പറയുന്ന ഗവര്‍ണര്‍ എന്തുകൊണ്ട് കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.

Read Also: മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത്: ഗവര്‍ണറുടെ നടപടി ശരിയെന്ന് കെ സുധാകരന്‍

അതേസമയം കെ സുധാകരന്റെ നിലപാടിനെതിരെ സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്താവനയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ തന്നെ ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ. സുധാകരനാണ് ഇപ്പോള്‍ ആര്‍.എസ്.എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും സിപിഐഎം വിമര്‍ശിച്ചു.

Story Highlights: conflict in udf on governor letter to president of india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here