രണ്ടാം പകുതിയിൽ മൂന്നടി; ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എലിൽ രണ്ടാം ജയം കുറിച്ചു. പകരക്കാരനായെത്തിയ സഹൽ അബ്ദുൾ സമദിന്റെ ഇരട്ടഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഉശിരൻ ജയം. ദിമിത്രിയോസ് ഡയമന്റാകോസിന്റെ വകയായിരുന്നു മറ്റൊരു ഗോൾ. രണ്ടാം ജയത്തോടെ അഞ്ച് കളിയിൽ ആറ് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ ഏഴാമതെത്തി. നവംബർ13ന് എഫ്‌സി ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകമായ കൊച്ചിയിൽ നേരിടും. (blasters won northeast united)
തുടക്കംമുതൽ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റമായിരുന്നു. ഇവാൻ കലിയുഷ്‌നിയുടെ മുന്നേറ്റം പക്ഷേ, ബോക്‌സിൽ അവസാനിച്ചു. മറുവശത്ത് ഫിലിപ്പോടിയുക്‌സിന്റെ ശ്രമം പോസ്റ്റിൽ തട്ടിത്തെറിച്ചു. പതിനേഴാം മിനിറ്റിൽ ലൂണയുടെ ഫ്രീകിക്ക് നോർത്ത് ഈസ്റ്റ് പ്രതിരോധം അടിച്ചൊഴിവാക്കി. തുടർന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖം ആക്രമിച്ചു തന്നെ കളിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡയമന്റാകോസിന് മികച്ച അവസരം കിട്ടിയെങ്കിലും ഗോളായില്ല. ഇടതുവശത്തുനിന്നുള്ള ഡയമന്റാകോസിന്റെ ക്രോസ് ഏറ്റുവാങ്ങാൻ ആരുമുണ്ടായില്ല. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് കിട്ടി. സൗരവിനെ നോർത്ത് ഈസ്റ്റ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ബോക്‌സിന് അരികെ കിട്ടിയ ഫ്രീകിക്ക് ഡയമന്റാകോസ് തൊടുത്തെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. മറുവശത്ത് എമിൽ ബെന്നിയുടെ ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. പന്ത് പൂർണമായും ബ്ലാസ്‌റ്റേഴ്‌സിന്റെ കാലുകളിലായി.
Read Also: അടിമുടി മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്; ഇന്ന് ജയിച്ചേതീരൂ
56ാം മിനിറ്റിൽ എല്ലാ ശ്രമങ്ങൾക്കും ഫലംകിട്ടി. ഒന്നാന്തരം നീക്കത്തിലൂടെ ലീഡ്. രാഹുലിൽനിന്നായിരുന്നു തുടക്കം. പന്ത് നിയന്ത്രിച്ച് നോർത്ത് ഈസ്റ്റ് പ്രതിരോധത്തെ മറികടന്ന രാഹുൽ വലതുവശത്ത് സൗരവിനെ കണ്ടു. സൗരവിന്റെ ക്രോസ് ഗോൾമുഖത്തേക്ക്. ഇടതുമൂലയിലേക്ക് പറന്നിറങ്ങിയ ഡമയന്റാകോസ് വലയിലേക്ക് പന്തുമായി കയറി. ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ. പിന്നാലെ സൗരവിന്റെ മറ്റൊരു മിന്നുന്ന ക്രോസ്. പക്ഷേ, ലൂണയിലെത്തുംമുമ്പ് പ്രതിരോധം തടഞ്ഞു. 65ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് കളിയിൽ രണ്ട് മാറ്റംവരുത്തി. സൗരവിന് പകരം സഹൽ അബ്ദുൾ സമദും ഡയമന്റാകോസിന് പകരം ജിയാനുവും കളത്തിലെത്തി. കളിയുടെ അവസാന ഘട്ടത്തിൽ നോർത്ത് ഈസ്റ്റ് മുന്നേറാൻ ശ്രമിച്ചു. എന്നാൽ ഗോൾ കീപ്പർ പ്രഭ്‌സുഖൻ സിങ് ഗില്ലിന്റെ മികവിൽ ബ്ലാസ്‌റ്റേഴ്‌സ് പിടിച്ചുനിന്നു. അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞു.
81ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഗോളിന് അരികെയെത്തി. ബോക്‌സിലേക്ക് ഉയർന്നെത്തിയ പന്തിൽ ഇമ്രാൻ ഖാൻ തലവച്ചു. പ്രഭ്‌സുഖൻ പന്ത് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. പിന്നാലെ ബോക്‌സിലേക്ക് അപകടകരമായി കയറി എമിൽ ബെന്നിയെ സന്ദീപ് സിങ് ഒന്നാന്തരം നീക്കത്തിലൂടെ തടയുകയായിരുന്നു. തുടർന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം. രാഹുൽ ചുക്കാൻ പിടിച്ചു. വലതുവശത്ത് അസ്ത്രവേഗത്തിൽ കുതിച്ച രാഹുൽ ഇടതുവശത്ത് സഹലിനെ കണ്ടു. രാഹുലിന്റെ നീക്കം പിടിച്ചെടുത്ത് സഹലിന്റെ ഒന്നാന്തരം ഷോട്ട്. ബ്ലാസ്‌റ്റേഴ്‌സ് ലീഡുയർത്തി. അവസാന നിമിഷം ഹോർമിപാമിന് പകരം പുയ്ട്ടിയയും കലിയുഷ്‌നിക്ക പകരം മോൻഗിലും കളത്തിലെത്തി. പരിക്കുസമയത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോൾ. നോർത്ത് ഈസ്റ്റ് ഗോൾ വലയ്ക്ക് മുന്നിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ സഹലിന്റെ ഷോട്ട് വല തകർത്തു. ആ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് ജയം പൂർത്തിയാക്കി.
Story Highlights: kerala blasters won northeast united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here