എന്ത് വിലകൊടുത്തും ഐസിസി ഇന്ത്യയെ സെമിയിലെത്തിക്കുമെന്ന് അഫ്രീദി; മറുപടിയുമായി ബിസിസിഐ

എന്ത് വിലകൊടുത്തും ഐസിസി ഇന്ത്യയെ സെമിയിലെത്തിക്കുമെന്ന പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ പരാമർശത്തിനെതിരെ ബിസിസിഐ. ഐസിസി തങ്ങൾക്ക് അനുകൂലമായ രീതിയിലല്ല തീരുമാനം എടുക്കുന്നതെന്നും എല്ലാവരെയും ഒരുപോലെയാണ് പരിഗണിക്കുന്നത് എന്നും ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി പ്രതികരിച്ചു.
“ആ പരാമർശം ശരിയല്ല. ഐസിസി തങ്ങൾക്ക് അനുകൂലമായ രീതിയിലാണ് തീരുമാനം എടുക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. എല്ലാവരെയും ഒരുപോലെയാണ് പരിഗണിക്കുന്നത്. ഒരു തരത്തിലും അങ്ങനെയല്ലെന്ന് പറയാനാവില്ല. മറ്റ് ടീമുകളെ അപേക്ഷിച്ച് ഞങ്ങൾക്കെന്താണ് പ്രത്യേകമായി ലഭിക്കുന്നത്. ഇന്ത്യ ലോക ക്രിക്കറ്റിലെ കരുത്തരാണ്. പക്ഷേ, എല്ലാവർക്കും ലഭിക്കുന്നത് ഒരേ പരിഗണനയാണ്.”- ബിന്നി പറഞ്ഞു.
അടുത്ത ബിസിസിഐ യോഗത്തിൽ വനിതാ ഐപിഎലിൻ്റെ ഘടനയും മറ്റും തീരുമാനിക്കുമെന്നും ബിന്നി അറിയിച്ചു. നിലവിലെ സെലക്ഷൻ കമ്മറ്റിയെപ്പറ്റി അതേ യോഗത്തിൽ തീരുമാമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസീലൻഡിനും ബംഗ്ലാദേശിനുമെതിരായ ടീമിനെച്ചൊല്ലി നിരവധി വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സെലക്ഷൻ കമ്മറ്റിയുടെ ഭാവി പരിഗണിക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
ബംഗ്ലാദേശിനെതിരായ സൂപ്പർ 12 മത്സരത്തിനു പിന്നാലെയാണ് അഫ്രീദി ഐസിസിക്കെതിരെ ആരോപണവുമായെത്തിയത്. ഔട്ട്ഫീൽഡ് നനഞ്ഞിരുന്നിട്ടും അമ്പയർമാർ കളി തുടരാൻ തീരുമാനിച്ചു എന്ന് അഫ്രീദി ആരോപിച്ചു. എന്ത് വിലകൊടുത്തും ഐസിസി ഇന്ത്യയെ സെമിയിലെത്തിക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നിയന്ത്രിച്ച അമ്പയർമാരും ഇങ്ങനെ തന്നെയായിരുന്നു എന്നും അഫ്രീദി ആരോപിച്ചിരുന്നു.
Story Highlights: shahid afridi icc bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here