Advertisement

കോർപറേഷൻ തലപ്പത്ത് അവരോധിച്ചത് കളിപ്പാവയെ; ആര്യ രാജേന്ദ്രനെതിരെ വി.വി. രാജേഷ്

November 5, 2022
Google News 2 minutes Read
Corporation issue VV Rajesh against Arya Rajendran

കളിപ്പാവകളെ കോർപറേഷൻ തലപ്പത്ത് അവരോധിച്ച് സിപിഐഎം നേതാക്കളുടെ ഇംഗിതം നടപ്പിലാക്കാനാണ് ശ്രമമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്. തിരുവനന്തപുരം നഗരസഭയിൽ നിന്ന് വരുന്ന വാർത്ത സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കഴിവുള്ളവരെ മാറ്റി നിർത്തി കഴിഞ്ഞ 30 കൊല്ലമായി സി പി എം പറയുന്നവരെയാണ് കരാർ തൊഴിലാളികളായി നിയമിക്കുന്നത്. ഇത്തരത്തിൽ ജോലി നേടുന്നവർ പാർട്ടി പരിപാടികൾക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ ജോലി ചെയ്യാൻ ആളില്ലാത്ത സാഹചര്യമാണുള്ളത്. ( tvm Corporation issue VV Rajesh against Arya Rajendran ).

പാർട്ടി ക്രിമിനലുകളെ കുത്തി നിറയ്ക്കാനുള്ള കേന്ദ്രമാക്കി നഗരസഭയെ മാറ്റുകയാണ് സിപിഐഎം. ഇത്തരം നിയമനങ്ങളിൽ നിന്ന് പാർട്ടിക്ക് മാസപ്പടി കിട്ടുന്നുണ്ട്. കളിപ്പാവകളെ കോർപറേഷൻ തലപ്പത്ത് കൊണ്ട് വന്ന് തട്ടിപ്പിന് നീക്കം നടത്തുകയാണ്. സിപിഐഎം ജില്ലാ സെക്രട്ടറി മാറാത്തത് സംശയകരമാണ്. പല കേന്ദ്രങ്ങളിൽ നിന്നും കൈക്കൂലി ലഭിക്കുന്നുണ്ട്. ഇതാണ് സ്ഥാനമാനങ്ങൾ മാറാതെ തുടരുന്നതിന് കാരണം.

മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഭരണ സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. കത്തയച്ചത് മേയർ അല്ലെങ്കിൽ പരാതി നൽകാൻ തയ്യാറാകണം. കത്തയച്ചത് ആരെന്ന് അറിയാൻ തിരുവനന്തപുരം നിവാസികൾക്ക് അവകാശമുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐയും ഇതിന് മറുപടി പറയണമെന്നും വി.വി രാജേഷ് വ്യക്തമാക്കുന്നു.

തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് മേയർ ആര്യാ രാജേന്ദ്രൻ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി മേയറും സിപിഐഎം ജില്ലാ സെക്രട്ടറിയും ​രം​ഗത്ത്. ആർക്കും കത്തയച്ചിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനും പ്രതികരിച്ചു.

കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് മേയർ പറയുന്നു. കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.

തന്റെ കയ്യിൽ കത്ത് കിട്ടിയിട്ടില്ലെന്നും മേയറോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിയതിനുശേഷം പ്രതികരിക്കാം.
ഇങ്ങനെ ഒരു കത്ത് പാർട്ടി ഇതുവരെ കണ്ടിട്ടില്ല. സംഭവത്തെ പാർട്ടി ഗൗരവമായാണ് കാണുന്നത്. പാർട്ടിക്കെതിരെ ഇങ്ങനെ ഒരു ആക്ഷേപം ഇത് വരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരസഭയിൽ ഒഴിവുകൾ ഉള്ള കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുന്നതിൽ തെറ്റില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. എന്നാൽ നേതൃത്വം നൽകുന്ന പട്ടിക വെച്ചല്ല നിയമനം നടത്തുന്നത്. ഏതെങ്കിലും കത്തിന്റെ അടിസ്ഥാനത്തിൽ അല്ല നഗരസഭയിൽ നിയമനങ്ങൾ നടക്കുന്നതെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻ മേയർ കൂടിയായ വി കെ പ്രശാന്ത് പറഞ്ഞു.

ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ കത്തയച്ചതാണ് വിവാദമായത്. ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തെത്തിയിട്ടുണ്ട്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനം നടത്താനാണ് മേയർ മുൻഗണന പട്ടിക കത്തിലൂടെ ആവശ്യപ്പെട്ടത്. ആകെ 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത്.

ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മേയർ ആനാവൂർ നാഗപ്പനോട് പട്ടിക തേടിയത്. ഡോക്ടേഴ്‌സ്, നഴ്‌സ്, ഫാർമസിസ്റ്റ് മുതലായ തസ്‌കികകളിലേക്ക് ഉൾപ്പെടെയാണ് പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക സിപിഐഎം ജില്ലാ സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ആനാവൂർ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചിരിക്കുന്നത്. കത്തിന്റെ പകർപ്പ് സിപിഐഎം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. കത്ത് വ്യാജമാണോയെന്ന് പരിശോധിച്ചാൽ മാത്രമേ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാനാവൂ.

Story Highlights: tvm Corporation issue VV Rajesh against Arya Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here