Advertisement

കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും

November 8, 2022
Google News 1 minute Read

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണ നടപടികളിലേക്ക് കടക്കും. സംഭവത്തിൽ മേയറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ തുടർ നടപടികളും നിർണായകമാകും. അതേസമയം, ഭരണ സമിതിക്കെതിരെ അതിശക്ത പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

മേയറുടെ പരാതിയില്‍ അതിവേഗമാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. വിഷയത്തില്‍ തുടർന്നുളള നടപടികളില്‍ ക്രൈംബ്രാഞ്ചിന്‍റെ ഭാഗത്തും ഈ വേഗത ഉണ്ടാകുമെന്ന ഉറപ്പാണ് സർക്കാരും പാർട്ടിയും നല്‍കുന്നത്. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, ഔദ്യോഗികമായി അന്വേഷണ നടപടികളിലേക്ക് കടന്നേക്കും. പരാതിക്കാരിയായ മേയറുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.
മേയറുടെ ഒറിജിനല്‍ ലെറ്റർപാഡുള്‍പ്പെടെ ശേഖരിച്ചായിരിക്കും നിലവില്‍ പ്രചരിക്കുന്ന കത്തിന്‍റെ സാധുത പരിശോധിക്കുക. മേയറുടെ ഒപ്പ് ദുരുപയോഗം ചെയ്തോ എന്നതടക്കം പരിശോധിക്കും. കത്തിന്‍റെ ഉറവിടവും ആരാണ് പ്രചരിപ്പിച്ചത് എന്നതും അന്വേഷണ പരിധിയില്‍ വരും.

അതേസമയം, വിഷയത്തില്‍ സിപിഐഎം പ്രഖ്യാപിച്ച പാർട്ടി അന്വേഷണത്തില്‍ എന്ത് തുടർനടപടികളുണ്ടാകും എന്നത് ശ്രദ്ധേയമാകും. അന്വേഷണ സമിതിയെ ഉടന്‍ പ്രഖ്യാപിക്കുമോ അതോ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഗതി നോക്കി മാത്രമാകുമോ തുടർനടപടിയെന്നതും ശ്രദ്ധേയം. വിവാദത്തില്‍ വിശദീകരണവും നിയമനടപടികളും ആരംഭിച്ചെങ്കിലും മേയർക്കും ഭരണസമിതിക്കുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. നഗരസഭക്കകത്ത് പ്രതിഷേധം തുടരുന്നതിനൊപ്പം പ്രാദേശിക തലങ്ങളിലേക്ക് ഉള്‍പ്പെടെ പ്രതിഷേധം വ്യാപിപ്പിക്കാനും യുഡിഎഫ് – ബിജെപി ആലോചനയുണ്ട്.

Story Highlights: letter controversy arya rajendran crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here