ഐ ലീഗ് പുതിയ സീസണിലേക്കുള്ള ഗോകുലം കേരള എഫ്സി ടീമിനെ പ്രഖ്യാപിച്ചു

ഐ ലീഗ് പുതിയ സീസണിലേക്കുള്ള ഗോകുലം കേരള എഫ്സി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങൾക്ക് മുൻതൂക്കം നൽകുന്ന ടീമിനെ ഗോകുലം കേരള ഉടമ ഗോകുലം ഗോപാലനാണ് പ്രഖ്യാപിച്ചത്. അർജന്റീനയിൽ നിന്നുള്ള ജുവാൻ കാർലോസ് നെല്ലാർ, ബ്രസിലിൽ നിന്നുള്ള എവെർട്ടൻ ഗുൽമാരെസ് എന്നിവർ ഉൾപ്പെടെ ആറു വിദേശ താരങ്ങൾ ടീമിലുണ്ട്.
ഐ ലീഗിൽ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്സി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പന്തു തട്ടാനിറങ്ങുന്നത്. കാമറൂണിൽ നിന്നുള്ള അമിനൗ ബാബയാണ് ടീമിന്റെ നായകൻ. ആറു വിദേശ താരങ്ങൾ ഉള്ള ടീമിൽ കഴിഞ്ഞ വർഷത്തെ പോലെ മലയാളി താരങ്ങൾക്കാണ് പ്രാമുഖ്യം. 24 അംഗ സ്ക്വാഡിൽ അർജന്റീനയിൽ നിന്നുള്ള ജുവാൻ കാർലോസ് നെല്ലാർ, ബ്രസിലിൽ നിന്നുള്ള എവെർട്ടൻ ഗുൽമാരെസ് എന്നിവർക്കു പുറമെ മലയാളികളായ അർജുൻ ജയരാജ്, നൗഫൽ, മുഹമ്മദ് ജാസിം, ഷിജിൻ ടി എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. അഫ്ഗാൻ മിഡ്ഫീൽഡർ ഫർഷാദ് നൂർ, കാമറൂൺ സ്വദേശികളായ സോമലാഗ, ഡോഡിൻഡോ എന്നിവരും ടീമിലുണ്ട്. ടീമിന്റെ ഹോം ജഴ്സി ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പ്രകാശനം ചെയ്തു.
എവേ ജഴ്സിയുടെ പ്രകാശന കർമ്മം മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി എം സുബൈദ നിർവഹിച്ചു. മുൻ ഫുട്ബോൾ താരം യു ഷറഫലി, സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി പി അനിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കാമറൂൺ കോച്ച് റിച്ചാർഡ് ടോവയുടെ നേതൃത്വത്തിൽ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം. ഈ മാസം 12 ന് വൈകീട്ട് 4:30 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അടിമുടി മാറിയ ടീം ഐ ലീഗിൽ വലിയ പ്രതീക്ഷയായി മാറുകയാണ്.
Story Highlights: gokulam kerala i league team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here