Advertisement

പന്തിനു വേണ്ടി സഞ്ജുവിനെ ബിസിസിഐ തഴയുന്നു എന്ന് വി ശിവൻ കുട്ടി

November 10, 2022
Google News 2 minutes Read
sivankutty sanju samson t20

ബിസിസിഐക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി. സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്താവാൻ കാരണം ബിസിസിഐയും സെലക്ടർമാരുമാണ് എന്ന് മന്ത്രി കുറ്റപ്പെടുത്തി. ഋഷഭ് പന്തിനു വേണ്ടി ബിസിസിഐ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ തഴയുകയാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. (sivankutty sanju samson t20)

Read Also: സെമിഫൈനലിലെ നാണംകെട്ട പരാജയം; സഞ്ജുവിനായി വാദിച്ച് ട്വിറ്റർ ലോകം

മന്ത്രി വി ശിവൻ കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർഭാഗ്യകരമാണ്. അതിൽ വേദനയുണ്ട്. ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ല. മികച്ച പവർ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയത്.

മറ്റൊരു ഉദാഹരണം നോക്കുക. വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട്‌ ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.

വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത്‌ ഉണ്ട്, സഞ്ജു ഇല്ല താനും. ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും.

സെമിഫൈനലിൽ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.

Story Highlights: v sivankutty sanju samson t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here