Advertisement

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി

November 12, 2022
Google News 2 minutes Read

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ രാഷ്ട്രപതിയുടെ ശുപാർശയ്ക്ക് അയയ്ക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.

ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. മടങ്ങിയെത്തിയ ശേഷമായിരിക്കും ഓർഡിനൻസിൽ തീരുമാനമെടുക്കുകയെന്ന വിവരമാണ് ലഭ്യമാകുന്നത്. എന്നാൽ കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുൻപ് രാജ്ഭവനിൽ ഓർഡിനൻസ് ലഭിച്ചാൽ അത് ഇ ഫയൽ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഗവർണർക്കു സാധിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നതു ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഈ ഓർഡിനൻസിനു പ്രസക്തിയില്ല.

Read Also: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം

ഓർഡ‍ിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നതുവരെ ബിൽ അവതരിപ്പിക്കാനാകില്ല. ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നു ചട്ടമുണ്ട്. അതിനാൽ നിയമനിർമാണം അനിശ്ചിതമായി നീണ്ടേക്കും.

അതേസമയം, നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ ഒഴിവാക്കിയേക്കുമെന്ന സൂചന നല്‍കി മന്ത്രി എകെ ശശീന്ദ്രന്‍ രം​ഗത്തെ. നയപ്രഖ്യാപനത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയ അനുഭവം നേരത്തെയുണ്ടെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. നിയമസഭ തടസമില്ലാതെ നടക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരി വരെ നീട്ടുന്നതിനാണ് ആലോചിക്കുന്നത്. സഭാ സമ്മേളനം ഡിസംബറില്‍ താത്ക്കാലികമായി പിരിഞ്ഞ് ജനുവരിയില്‍ പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ പരിഗണന.

വര്‍ഷാരംഭത്തില്‍ ചേരുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്നതാണ് കീഴ്വഴക്കം. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ സൃഷ്ടിച്ച പ്രതിസന്ധി സര്‍ക്കാരിനും സിപിഐഎമ്മിനും വലിയ തലവേദനയാണുണ്ടാക്കിയത്. മന്ത്രിമാരുടെ പെന്‍ഷനും പേഴ്സണല്‍ സ്റ്റാഫ് നിയമനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്ന് ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടിയത്. ഇത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ വഴങ്ങിയത്. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുകയും ചെയ്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉടന്‍ ഒപ്പിടുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ കൂടിയാണ് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.

Story Highlights: ordinance to remove the Governor from the post of Chancellor has reached the Raj Bhavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here