സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹാരമില്ല; മുസ്ലീം ലീഗ് ഭരിക്കുന്ന മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷം

മുസ്ലീം ലീഗ് ഭരിക്കുന്ന കാസർഗോഡ് മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങൾ തന്നെ രംഗത്തുവന്നതോടെ ആരംഭിച്ച പ്രശ്‌നങ്ങൾ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരിഹരിക്കാൻ സാധിച്ചിട്ടില്ല ( Administrative crisis in Mangalpady Panchayat ).
കഴിഞ്ഞ ആറ് മാസമായി മുസ്ലീം ലീഗിൽ തുടരുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് പഞ്ചായത്തിലെ ഭരണ പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമായത്. മുസ്ലീം ലീഗിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ഭരണ കക്ഷി അംഗങ്ങൾ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു.
Read Also: നഗരസഭാ കത്ത് വിവാദം; സിപിഐഎം ജില്ലാ സെക്രട്ടറിയെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും
പിന്നീട് ജില്ലാ നേതൃത്വം ഇടപെട്ട് സമവായത്തിലെത്തുകയും പ്രസിഡന്‍റ് ഖദീജത്ത് റിഷാന രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. അതോടെ അവിശ്വാസ നീക്കം അംഗങ്ങൾ ഉപേക്ഷിച്ചു. എന്നാൽ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ പ്രസിഡന്‍റ് അധികാരത്തിൽ തുടരാൻ ശ്രമിക്കുന്നുവെന്നാണ് മുസ്ലിം ലീഗ് അംഗങ്ങളുടെ ആരോപണം. അതേസമയം ഭരണസമിതി യോഗംപോലും ചേരാനാവാത്തവിധം പ്രതിസന്ധി രൂക്ഷമായെന്ന് ആരോപിച്ച് പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് എൽഡിഎഫിന്റെ തീരുമാനം
അതേസമയം മംഗൽപ്പാടിയിൽ ഗുരുതരമായ മാലിന്യ പ്രശ്നം ഉൾപ്പടെ ജനങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്. ജനകീയ വിഷയങ്ങൾ പരിഹരിക്കാതെയുള്ള തമ്മിലടിയിൽ നാട്ടുകാരുടെ ഇടിയിലും പ്രതിഷേധം ശക്തമാണ്.
Story Highlights: Administrative crisis in Mangalpady Panchayat