ബംഗ്ലാദേശ് സംഘർഷത്തിനിടെ തകർക്കപ്പെട്ട മെട്രോ സ്റ്റേഷൻ കണ്ട് കണ്ണീർ തുടച്ച് ഷെയ്ഖ് ഹസീന; മുതലകണ്ണീരെന്ന് വിമർശനം

വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ തകർന്ന റെയിൽവെ സ്റ്റേഷൻ കണ്ട് കരഞ്ഞ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെ കടുത്ത വിമർശനം. സംഘർഷത്തിനിടെ കൊല്ലപ്പെട്ട 150 ഓളം വരുന്ന വിദ്യാർത്ഥികളടക്കമുള്ള ജനങ്ങളെ ഓർത്ത് സഹതപിക്കാത്ത പ്രധാനമന്ത്രി റെയിൽവെ സ്റ്റേഷന് മുന്നിൽ നിന്ന് മുതലക്കണ്ണീരൊഴുക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം. രാജ്യത്ത് 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് അതിരൂക്ഷമായ സംഘർഷം നടന്നത്.
മിർപൂറിലെ മെട്രോ റെയിൽ സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി കരഞ്ഞത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വിമർശനവും ശക്തമായി ഉയർന്നത്. മിർപൂറിലെ സ്റ്റേഷനിൽ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ തകർക്കപ്പെടുകയും മെട്രോ റെയിൽ സിഗ്നലിങ് സംവിധാനം താറുമാറാവുകയും ചെയ്തിരുന്നു.
മെട്രോ റെയിൽ സ്റ്റേഷൻ തകർത്ത നടപടിയെ നിശിതമായാണ് പ്രധാനമന്ത്രി വിമർശിച്ചത്. എന്ത് തരം മനോഭാവമാണിതെന്ന് ചോദിച്ച അവർ, ധാക്ക നഗരത്തിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരമായിരുന്നു മെട്രോ സ്റ്റേഷനെന്നും അത്യാധുനിക യാത്രാ സംവിധാനം തകർത്ത നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.
സംഘർഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് യുവാക്കൾ കൊല്ലപ്പെട്ടതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ മുതലക്കണ്ണീരെന്നാണ് മറ്റൊരു കുറ്റപ്പെടുത്തൽ. അതേസമയം വിദ്യാർത്ഥി പ്രതിഷേധത്തെ അക്രമാസക്തമാക്കിയതിന് പിന്നിൽ തൻ്റെ രാഷ്ട്രീയ എതിരാളികളെന്നാണ് ഷെയ്ഖ് ഹസീന വിമർശിക്കുന്നത്. രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്താൻ താൻ നിർബന്ധിതയായെന്ന് അവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Story Highlights : Scorn as Bangladesh PM weeps at train station damage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here