കാൻവാർ യാത്രാ പാതയിലെ മുസ്ലിം പള്ളി വലിയ കർട്ടൻ ഉപയോഗിച്ച് ജില്ലാ ഭരണകൂടം മറച്ചു; വിവാദമായപ്പോൾ നീക്കി ന്യായീകരിച്ച് ബിജെപി

കാൻവാർ യാത്രാ പാതയോരത്തള്ള പള്ളിയും ഇവിടുത്തെ ഖബർസ്ഥാനും വലിയ കർട്ടൻ കൊണ്ട് മറച്ചുവെയ്ക്കാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. സംഭവം വിവാദമായതിന് പിന്നാലെ പള്ളിയും ഖബർസ്ഥാനും മറച്ചുവെച്ച തുണി അഴിച്ചുമാറ്റി. ആര്യനഗർ എന്ന സ്ഥലത്തെ ഇസ്ലാംനഗർ പള്ളിയും അതിനോട് ഖബർസ്ഥാനുമാണ് വലിയ തുണി ഉപയോഗിച്ച് മറച്ചത്.
സംഘർഷം ഉണ്ടാകുന്നത് തടയാനാണ് മുസ്ലിം പള്ളി മറച്ചുവെക്കാൻ ആവശ്യപ്പെട്ടതെന്നാണ് സംസ്ഥാനത്തെ ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞത്. കാൻവാർ യാത്ര സമാധാനപരമായി നടത്താനായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കാൻവാർ യാത്രയുമായി ബന്ധപ്പെട്ട് ഹോട്ടലുകളിലെ നെയിംബോർഡ് വിവാദം രാജ്യമാകെ ചർച്ചയായതിന് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായത്.
വലിയ കർട്ടൻ ഇരുമ്പ് തൂണുകൾ ഉപയോഗിച്ച് സ്ഥാപിച്ചാണ് പള്ളി മറച്ചത്. എന്നാൽ നടപടിക്കെതിരെ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് രംഗത്തെത്തി. ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മുസ്ലിം പള്ളികളുമെല്ലാം ഉൾക്കൊള്ളുന്ന പാത ഇന്ത്യയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതര വിശ്വാസങ്ങളുടെ നിഴൽ പതിച്ചാലുടൻ പ്രകോപിതരാവാൻ മാത്രം കാൻവാർ യാത്രയിൽ പങ്കെടുക്കുന്നവർ ഇത്ര സങ്കുചിത മനോഭാവക്കാരാണോയെന്നും അദ്ദേഹം എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനത്തോട് പള്ളിക്കമ്മിറ്റിയും എതിർപ്പ് അറിയിച്ചിരുന്നു. കർട്ടൻ സ്ഥാപിച്ചത് തങ്ങളെ അറിയിച്ചല്ലെന്നും കാൻവാർ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 40 വർഷത്തിനിടെ ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനത്തിൻ്റെ കാരണം അറിയില്ലെന്നും പള്ളിക്കമ്മിറ്റി ഭാരവാഹി അൻവർ അലി പ്രതികരിച്ചിട്ടുണ്ട്.
Story Highlights : Covering of mosque on Kanwar Yatra route in Haridwar sparks row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here