ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന മദ്യ ബ്രാൻഡുകൾ കിട്ടാനില്ല

ബിവറേജസ് ഔട്ട്‌ലെറ്റുകളിലും കൺസ്യൂമർ ഫെഡുകളിലും ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്ന മദ്യബ്രാൻഡുകൾ കിട്ടാനില്ല. വെയർഹൗസുകളിലും മദ്യശേഖരം കുറഞ്ഞു ( Shortage of cheap liquor ).
ആവശ്യത്തിനു സ്റ്റോക്ക് എത്താതായതോടെ പലയിടത്തും ഔട്ട്ലെറ്റുകൾ കാലിയായി. ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ പലയിടങ്ങളിലും വാക്കേറ്റവും പതിവാണ്. സ്പിരിറ്റിന് (ഇഎൻഎ) വില വർധിച്ചതോടെ മദ്യക്കമ്പനികൾ ഉത്പാദനം കുറച്ചതാണു പ്രതിസന്ധിക്കു കാരണം. ഇതോടൊപ്പം ടേൺ ഓവർ ടാക്സ് സംബന്ധിച്ചു കമ്പനികളും സർക്കാരും തമ്മിലുണ്ടായ തർക്കങ്ങളും മദ്യ ഉത്പാദനത്തെയും വിതരണത്തെയും ബാധിച്ചിട്ടുണ്ടെന്നാണു വിവരം.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്. സ്പിരിറ്റ് വരവ് കുറഞ്ഞതോടെ ചെറുകിട കമ്പനികൾ ഉത്പാദനം 60 ശതമാനത്തോളം വെട്ടിക്കുറച്ചു. ഇതോടെ, വില കുറഞ്ഞ മദ്യം മാസങ്ങളോളമായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. അര ലീറ്ററിനു 400–500 രൂപ വരെയുള്ള ബ്രാൻഡുകളാണ് ഇല്ലാത്തത്. 180–230 രൂപ വിലവരുന്ന ക്വാർട്ടർ മദ്യം ഔട്ട്ലെറ്റിൽ എത്തിയിട്ട് തന്നെ 4 മാസമായി.
Read Also: ട്വൻ്റിഫോർ യൂട്യൂബ് പോൾ; പ്രേക്ഷകർക്ക് പ്രതികരിക്കാം
സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാനും ഔട്‌ലെറ്റുകളിൽ എത്തുന്നില്ല. പ്രീമിയം ഇനത്തിലെ കുറഞ്ഞ ബ്രാൻഡിനു പോലും ലീറ്ററിന് 1000 രൂപയ്ക്കു മുകളിൽ നൽകണം. ബവ്കോ ഔട്ട്ലെറ്റുകളിൽ മാത്രമല്ല ബാറുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ല. അതേസമയം, ഷോപ്പുകളിൽ കെട്ടിക്കിടന്ന പ്രീമിയം ബ്രാൻഡുകളുടെ വിൽപന കൂടി. ഇതിലൂടെ കോർപറേഷന്റെ വരുമാനം വർധിച്ചെന്നാണ് അധികൃതരുടെ വിശദീകരണം. പ്രശ്നം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് പ്രശ്നത്തിന് കാരണം. വേഗത്തിൽ പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
Story Highlights: Shortage of cheap liquor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here