‘മാഞ്ചസ്റ്റർ യുണൈറ്റഡ് ചതിച്ചു; ടെൻ ഹാഗിനോട് ബഹുമാനമില്ല’; ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

സ്വന്തം ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുണൈറ്റഡ് തന്നെ ചതിച്ചു എന്നും പരിശീലകൻ ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നത്. (cristiano ronaldo ten hag)
Read Also: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ അച്ചടക്കനടപടി
“ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാൻ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിൻ റൂണി എന്നെ ഇത്ര വിമർശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോൾ അദ്ദേഹം കളി നിർത്തിയിട്ടും ഞാൻ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാൾ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.
നേരത്തെ തന്നെ ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എങ്ങനെയെങ്കിലും ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയെ പല മുൻനിര ക്ലബുകളും തഴഞ്ഞു. ടെൻ ഹാഗ് താരത്തിന് ഏറെ അവസരങ്ങൾ നൽകിയതുമില്ല. പല മത്സരങ്ങളും ബെഞ്ചിലിരുന്ന താരം കഴിഞ്ഞ ദിവസം കളി അവസാനിക്കുന്നതിനു മുൻപ് ഡ്രസിംഗ് റൂമിലേക്ക് പോയത് വിവാദമായി. തുടർന്ന് താരത്തെ ഒരു കളിയിൽ നിന്ന് ക്ലബ് വിലക്കി. ഇതിനിടെ പകരക്കാരനായി കളത്തിലിറങ്ങാൻ ക്രിസ്റ്റ്യാനോ തയ്യാറാവാതിരുന്ന അവസരവുമുണ്ടായി.
Read Also: ‘നന്ദിയില്ലാത്ത വർഗങ്ങൾ’; പോർച്ചുഗൽ ആരാധകർക്കെതിരെ ക്രിസ്റ്റ്യാനോയുടെ സഹോദരി
മോർഗനുമായുള്ള അഭിമുഖത്തെപ്പറ്റി നേരത്തെ തന്നെ ക്രിസ്റ്റ്യാനോ സൂചിപ്പിച്ചിരുന്നു. സുഹൃത്ത് എഡു അഗ്വറെയുടെ ഇൻസ്റ്റാ പോസ്റ്റിൽ കമൻ്റായാണ് ക്രിസ്റ്റ്യാനോ ഇക്കാര്യം കുറിച്ചത്. “ഏതാനും ആഴ്ചകൾക്കുള്ളിൽ അഭിമുഖം പുറത്തുവരുമ്പോൾ കാര്യങ്ങൾ മനസ്സിലാവും. മാധ്യമങ്ങൾ കള്ളം പറയുകയാണ്. എന്റെ പക്കൽ നോട്ട്ബുക്ക് ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ കുറിച്ച് വന്ന 100 വാർത്തകളിൽ അഞ്ചെണ്ണം മാത്രമാണ് സത്യം.’- ക്രിസ്റ്റ്യാനോ കുറിച്ചു.
Story Highlights: cristiano ronaldo eric ten hag manchester united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here