സര്‍ക്കാരിന് കനത്ത തിരിച്ചടി; കുഫോസ് വി.സി നിയമനം റദ്ദാക്കി ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി. കുഫോസ് വി സിയായ ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നെ വാദം ഹൈക്കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.
എറണാകുളം സ്വദേശിയായ ഡോ.കെ കെ വിജയന്‍, ഡോ.സദാശിവന്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കുഫോസ് വി സി നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് റിജി ജോണിന്റെ നിയമനം എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിജി ജോണിന്റെ നിയമനവും നിലനില്‍ക്കില്ല എന്നും ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ വാദിച്ചു.
Read Also:ആര്യയെ പാവയെപ്പോലെ കസേരയിലിരുത്തി പിൻവാതിൽ നിയമനം നടത്തുന്നു; വി ഡി സതീശൻ
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ നേരത്തെ വാദം കേട്ട കോടതി, വിധി പറയാനായി മാറ്റിവച്ചിരുന്നു. ഇതാണ് ഇന്ന് പരിഗണിച്ചത്. ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയവരില്‍ ഒരാളാണ് റിജി കെ ജോണ്‍.
Story Highlights: High Court canceled the appointment of Kufos VC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here