‘കരാര്‍ അവരുടേതെങ്കിലും നിയമവിരുദ്ധ നേട്ടമുണ്ടായാല്‍ ഇരുവര്‍ക്കും ബാധകം’; പ്രിയാ വര്‍ഗീസിന്റെ പോസ്റ്റിനെതിരെ വി.ടി.ബല്‍റാം

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വി.ടി ബല്‍റാം. കെ.കെ രാഗേഷുമായി ഒരുമിച്ച് ജീവിക്കാമെന്ന കരാര്‍ മാത്രമാണുള്ളതെന്നും അതില്ലാതായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കുമെന്നും പ്രിയ വര്‍ഗീസ് പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അവരിലൊരാള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളമുള്ള ഉന്നത ജോലി നിയമവിരുദ്ധമായി നല്‍കാമെന്ന കരാര്‍ ഏതായാലും സ്റ്റേറ്റിനില്ലെന്നാണ് ബല്‍റാമിന്റെ വിമര്‍ശനം. അതിലൊരു കക്ഷിക്കുള്ള നിയമവിരുദ്ധമായ നേട്ടത്തിന് ഇരുകൂട്ടര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഇപ്പോഴത്തെ സ്റ്റോറിലൈനിന് തല്‍ക്കാലം കുഴപ്പമൊന്നുമില്ലെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വി.ടി ബല്‍റാമിന്റെ കുറിപ്പ്
‘ഒരുമിച്ച് ജീവിക്കാമെന്ന് രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാക്കുന്ന കരാര്‍ അവര്‍ക്ക് മാത്രം ബാധകമാണ്. അവര്‍ക്കിഷ്ടമുള്ളിടത്തോളം കരാര്‍ തുടരാം, എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാം. എന്നാല്‍ അതിന്റെ പേരില്‍ അവരിലൊരാള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളമുള്ള ഉന്നത ജോലി നിയമവിരുദ്ധമായി നല്‍കാമെന്ന കരാര്‍ ഏതായാലും സ്റ്റേറ്റിനില്ല. കരാര്‍ നിലനില്‍ക്കുന്ന കാലത്താണ് അതിലെ ഒരു കക്ഷിക്ക് രണ്ടാമത്തെ കക്ഷിയുടെ സഹായത്താല്‍ അവിഹിതമോ നിയമവിരുദ്ധമോ ആയ ഒരു നേട്ടമുണ്ടാകുന്നതെങ്കില്‍ ഇരുകക്ഷികള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. നിയമത്തിന്റെ നടപടികളും സമൂഹ ധാര്‍മ്മികതയുടെ ചോദ്യങ്ങളും അവര്‍ രണ്ടുപേര്‍ക്കും നേരെ ഉയരുക തന്നെ ചെയ്യും. അതുകൊണ്ട് ഇപ്പോഴത്തെ സ്റ്റോറിലൈനിന് തല്‍ക്കാലം കുഴപ്പമൊന്നുമില്ല.
2012ല്‍ അസിസ്റ്റന്റ് പ്രൊഫസറായ ഒരാള്‍ക്ക് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ അസോസിയേറ്റ് പ്രൊഫസറാകുക തന്നെ ചെയ്യും എന്നൊക്കെ ഇത്ര ഉറപ്പിച്ച് പറയാന്‍ കഴിയുന്നത് നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ എത്തിക്കല്‍ സ്റ്റാന്‍ഡേഡ്‌സ് ഒക്കെ അത്രത്തോളം ദുര്‍ബ്ബലമായതു കൊണ്ടാണ്. മറ്റേതെങ്കിലും ആധുനിക ജനാധിപത്യ സമൂഹത്തിലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ജോലി തട്ടിപ്പിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇപ്പോഴുള്ള എയ്ഡഡ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയില്‍ നിന്നുകൂടി ഇവരൊക്കെ മിനിറ്റ് വച്ച് പുറത്താക്കപ്പെടുമായിരുന്നു.
കെ-ഭൂതം ഭരിക്കുന്ന നമ്പര്‍ വണ്‍ നാട്ടില്‍ എന്ത് ഉഡായിപ്പ് കാണിച്ചാലും പാര്‍ട്ടിക്കാരിയാണെങ്കില്‍ പിന്നെ ആര്‍ക്കും തൊടാന്‍ പോലും കഴിയില്ല എന്നതാണ് ഇവരുടെയൊക്കെ ധൈര്യം. ആവശ്യമായ അധ്യാപന പരിചയം നേടിയെടുത്തതിന്റെ പിറ്റേ ദിവസം ഇതേ പദവിയിലേക്ക് വീണ്ടും പിന്‍വാതിലിലൂടെ കടന്നുവരാന്‍ കഴിയുമെന്നായിരിക്കും ഇപ്പോഴും ഇവര്‍ ചിന്തിക്കുന്നത്. ഒരുപക്ഷേ ആനാവൂര്‍ നാഗപ്പന്മാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ അതുവരെ ആ പോസ്റ്റ് ഒഴിച്ചിടാന്‍ പോലും പാര്‍ട്ടി അടിമയായ വൈസ് ചാന്‍സലര്‍ തയ്യാറായേക്കും.
ഏതായാലും സര്‍വ്വകലാശാലാ തലത്തില്‍ പഠിപ്പിക്കാന്‍ സര്‍വ്വഥാ യോഗ്യയായ മാതൃകാ അധ്യാപികയുടെ മലയാള ഭാഷയിലുള്ള പ്രാവീണ്യത്തിന് പ്രത്യേകം അഭിനന്ദനങ്ങള്‍. ഹൃദയഹാരിയായ ഭാഷാ പ്രയോഗങ്ങള്‍, ഒട്ടും അക്ഷരത്തെറ്റില്ല, പങ്ചുവേഷനൊക്കെ കിറുകൃത്യം.
Read Also: പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി
കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഉളുപ്പില്ലായ്മയില്‍ ഒന്നാം സ്ഥാനം പിണറായി വിജയനാണെന്ന ഒരു ധാരണയുണ്ടായിരുന്നു ഇതുവരെ. കമ്മ്യൂണിസ്റ്റ് പുരുഷന്മാരില്‍ മാത്രമാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനമെന്ന് ഇപ്പോള്‍ ബോധ്യമാവുന്നു’.
അതേസമയം, ജോസഫ് സ്‌കറിയയും പ്രിയാ വര്‍ഗീസും തമ്മില്‍ ഒരു അപ്പകഷ്ണത്തിന് വേണ്ടി പഴയ മുത്തശ്ശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, പാര്‍ട്ടി പോര്, വിഎസ് തലമുറകള്‍ക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നതെന്ന് പ്രിയ വര്‍ഗീസ് നിയമന വിവാദത്തില്‍ പ്രതികരിച്ചിരുന്നു. കെ. കെ. രാഗേഷുമായി ഉള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ് ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കില്‍ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ് എന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.
Story Highlights: vt balram fb post against priya varghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here