Advertisement

സ്കൈയും ഹൂഡയും മിന്നി; ന്യൂസിലൻഡിനെ 65 റൺസിന് തോൽപ്പിച്ച് ഇന്ത്യ

November 20, 2022
2 minutes Read

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. രണ്ടാം ടി20യിൽ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയുടെയും ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും പിൻബലത്തിൽ 65 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവി ടീമിന് 18.5 ഓവറിൽ 126 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്റെ തുടക്കം വളരെ മോശമായിരുന്നു. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു. അക്കൗണ്ട് തുറക്കാതെ തന്നെ ഫിൻ അലൻ പുറത്തായി. കോൺവെയും വില്യംസണും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടെങ്കിലും സുന്ദർ കോൺവെയെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു.

തൊട്ടടുത്ത ഓവറിൽ തന്നെ ഗ്ലെൻ ഫിലിപ്സിനെ ചാഹൽ പുറത്താക്കിയതോടെ മത്സരത്തിൽ ഇന്ത്യയുടെ പിടി മുറുകി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ കിവീസ് 18.5 ഓവറിൽ 126 റൺസിന് പുറത്തായി. ക്യാപ്റ്റൻ വില്യംസൺ 61 റൺസും കോൺവെ 25 റൺസും നേടി. ഇരുവർക്കും പുറമെ ഗ്ലെൻ ഫിലിപ്‌സിനും (12 റൺസ്), ഡാരിൽ മിച്ചലിനും (10 റൺസ്) മാത്രമേ രണ്ടക്കം കാണാൻ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയത് ദീപക് ഹൂഡയാണ്.

മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറും സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റൊന്നും ലഭിക്കാത്ത ഏക ഇന്ത്യൻ ബൗളറാണ് അർഷ്ദീപ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവ് സെഞ്ച്വറി നേടി. ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടിയുള്ള രണ്ടാം സെഞ്ചുറിയാണിത്. രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു വർഷത്തിൽ രണ്ട് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അദ്ദേഹം.

അതേസമയം, ഈ മത്സരത്തിൽ ഹാട്രിക് നേടിയ ടിം സൗത്തി ടി20യിൽ രണ്ട് ഹാട്രിക് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബൗളറായി. നേരത്തെ പാക്കിസ്ഥാനെതിരെ ഹാട്രിക് നേടിയിരുന്നു. ടി20യിൽ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ബൗളറാണ് ലസിത് മലിംഗ. ഇനി അവസാന മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 2-0ന് സ്വന്തമാക്കാം. അതേസമയം അവസാന മത്സരം ജയിച്ച് പരമ്പര 1-1ന് സമനിലയിലാക്കാനുളള അവസരമാണ് കിവി ടീമിനുള്ളത്.

Story Highlights: Suryakumar Yadav Century Powers India to 65-run Win Over New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top