Advertisement

കാര്‍ കടന്ന് വെടിയുണ്ട വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥ എനിക്കില്ല; വിവാദത്തില്‍ പ്രതികരിച്ച് പി ജയരാജന്‍

November 21, 2022
Google News 2 minutes Read

പുതിയ വാഹനം വാങ്ങാന്‍ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പി ജയരാജന്‍. പഴയ വാഹനം മാറ്റുന്നത് വാഹനത്തിന്റെ കാലപ്പഴക്കം കൊണ്ടാണെന്ന് ഖാദി ബോര്‍ഡ് ചെയര്‍മാനായ പി ജയരാജന്‍ വിശദീകരിച്ചു. 35 ലക്ഷം രൂപ തന്നെ വേണമെന്നില്ലെന്നും പരമാവധി 35 ലക്ഷം രൂപയുടെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. (p jayarajan facebook post on car row)

മികച്ച സുരക്ഷാ സംവിധാനമുള്ള കാറാണെങ്കിലും അല്ലെങ്കിലും കൊള്ളാമെന്നാണ് പി ജയരാജന്റെ വിശദീകരണം. ആര്‍എസ്എസുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചപ്പോള്‍ പ്രതിരോധത്തിനുണ്ടായിരുന്നത് ചൂരല്‍ക്കസേര മാത്രമാണ്. വെടിയുണ്ടയെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പി ജയരാജന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

മാധ്യമങ്ങള്‍ക്ക് സിപിഎം നു എതിരെയുള്ള എന്തും വാര്‍ത്തയാണ്. ഇപ്പോള്‍ മാധ്യമകുന്തമുന ഒരിക്കല്‍ക്കൂടി എനിക്കു നേരെ തിരിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ചിലവില്‍ ‘ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍’ വാങ്ങുന്നു എന്നാണ് ആരോപണം. കഴിയാവുന്നത്ര ഭാവനകളുപയോഗിച്ച് വാര്‍ത്ത പൊലിപ്പിക്കുന്നവരോട് നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എന്നേ പറയാനുള്ളൂ. വസ്തുതകള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഇത്രയും പറയട്ടെ.

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളായാണ് ഖാദി ബോര്‍ഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീര്‍ഘയാത്രകള്‍ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വൈസ് ചെയര്‍മാന്‍ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയില്‍ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വരുന്ന ആ കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്.

സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്‌നങ്ങളില്‍ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തില്‍ കണ്ടിട്ടുള്ളൂ.പിന്നെ, ബുള്ളറ്റ് പ്രൂഫ്. എന്റെ വീട്ടിലേക്ക് ഒരു തിരുവോണ ദിവസം ആര്‍ എസ് എസുകാര്‍ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ എന്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരല്‍ക്കസേരയാണ്. അതുപയോഗിച്ച് പ്രതിരോധിച്ചതിന്റെ ബാക്കിയാണ് ഇന്നും നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന പി ജയരാജന്‍. അതുകൊണ്ട് വാങ്ങുന്ന കാര്‍ കടന്ന് ഒരു ബുള്ളറ്റ് വരുമോ എന്ന് ഭയന്നു ജീവിക്കേണ്ട അവസ്ഥ എനിക്കില്ല. ബുള്ളറ്റിനു പ്രൂഫ് ഉണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം .എന്നെ അറിയുന്ന ഏതു മലയാളിക്കും ഇക്കാര്യം മനസ്സിലാവുകയും ചെയ്യും.

ഖാദി എന്ന പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് നിലനില്‍ക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ്. കോവിഡ് മഹമാരിയുടെ കാലത്ത് ജോലിയും കൂലിയും ഇല്ലാതിരുന്ന ഖാദി തൊഴിലാളികള്‍ക്ക് ഇന്ന് അത് ലഭിക്കുന്നുണ്ട്. അത് സര്‍ക്കാരിന്റെ പിന്തുണയോടെ ബോര്‍ഡ് നടത്തിയ പ്രവര്‍ത്തന ഫലമായാണ്. ഈ കഴിഞ്ഞ ഓണക്കാലത്ത് ഖാദി തൊഴിലാളികള്‍ക്ക് ഒരു കോടി മുപ്പതി രണ്ടു ലക്ഷം രൂപയാണ് പ്രത്യേക സഹായ ധനം അനുവദിച്ചത് സര്‍വീസ് സംഘടനകളും സാമൂഹ്യ സംഘടനകളും നല്‍കിയ പിന്തുണയുടെ ഫലമായിയാണ് ഖാദി വസ്ത്ര വിപണനം ശക്തി പെട്ടത്. ഈ വിപണനം ക്രിസ്തുമസ് പുതു വര്‍ഷ വേളയിലും നടക്കും. വൈസ് ചെയര്‍മാന് ബുള്ളറ്റ് പ്രൂഫ് കാര്‍ എന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പാവപെട്ട ഖാദി തൊഴിലാളികളുടെ കഞ്ഞി കുടി മുട്ടിക്കരുത് എന്നാണ് ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളോട് അഭ്യര്‍ത്ഥി ക്കുന്നത്.

വലതുപക്ഷ വര്‍ഗീയമാദ്ധ്യമങ്ങള്‍ ഈ ചെയ്തുകൊണ്ടിരിക്കുന്ന ഭാവനാവിലാസങ്ങള്‍ മലയാളിയുടെ കണ്ണില്‍ പൊടിയിടാനുള്ള വിഫലശ്രമങ്ങളാണ്. നിങ്ങള്‍ക്കുള്ളതിലും സുപ്രധാനമായ ജാഗ്രത കേരളത്തിന്റെ സാമ്പത്തികനിലയെക്കുറിച്ചും ഇന്നത്തെ ആവശ്യങ്ങളെക്കുറിച്ചും ഇടതുപക്ഷത്തിനുണ്ട്. അതിനാലാണ് ഇത്തരം ഏതു കള്ളപ്രചരണത്തെയും മറികടന്ന് ഇടതുപക്ഷം കേരളം ഭരിക്കുന്നത്. അത്രയെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.

Story Highlights : p jayarajan facebook post on car row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here