ശബരിമലയിൽ അപ്പം, അരവണ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി; വ്യാഴാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം
ശബരിമലയിൽ അപ്പം, അരവണ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സ്പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബഞ്ച് ഉത്തരവിട്ടു. വ്യാഴാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണം. അരവണ വിതരണത്തിൽ കരാറുകാരൻ വീഴ്ച്ച വരുത്തിയാൽ കർശന നടപടി എടുക്കണമെന്നും ഉത്തരവിൽ എടുത്തു പറയുന്നു. ആവശ്യമായ അരവണ കരാറുകാരൻ വിതരണം ചെയ്യുന്നില്ലെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലാണ് നടപടി. ( Aravana stock in Sabarimala High Court judgment ).
അതേസമയം, ശബരിമല സ്‌പെഷ്യൽ ട്രെയിനുകളിൽ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന തീരുമാനം റെയിൽവേ പിൻവലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. അമിത ടിക്കറ്റ് നിരക്ക് കൊടിയ ചൂഷണമാണെന്ന് മന്ത്രി മന്ത്രി വി. അബ്ദുറഹ്മാൻ പറയുന്നു.
ഹൈദരബാദ് – കോട്ടയം യാത്രയ്ക്ക് 590 രൂപയാണ് സ്ലീപ്പർ നിരക്ക്. എന്നാൽ, ശബരി സ്‌പെഷ്യൽ ട്രെയിൻ നിരക്ക് 795 രൂപയാണ്. 205 രൂപയാണ് അധികമായി ഈടാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും എത്തുന്ന രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തുന്ന വിശുദ്ധ യാത്രയെ കച്ചവടക്കണ്ണോടെ കാണുന്നത് ശരിയല്ല.
സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ് ശബരിമല തീർത്ഥാടനത്തിന് പ്രധാനമായും ട്രെയിനെ ആശ്രയിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് തീർത്ഥാടന കാലത്ത് ശബരിമലയിലെത്തുന്നത്. വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടു.
Story Highlights : Aravana stock in Sabarimala High Court judgment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here