Advertisement

ക്രിസ്റ്റ്യാനോയ്ക്കൊപ്പം കളിക്കുന്നത് ഭാഗ്യം; ക്ലബ് വിട്ടത് അദ്ദേഹത്തിൻ്റെ തീരുമാനം: ബ്രൂണോ ഫെർണാണ്ടസ്

November 24, 2022
Google News 2 minutes Read
cristiano ronaldo bruno fernandes

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിക്കുന്നത് ഭാഗ്യമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. ക്ലബ് വിട്ടത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ തീരുമാനമാണ്. ക്ലബിൽ അദ്ദേഹത്തിനൊപ്പം കളിയ്ക്കുകയെന്നത് ഒരു സ്വപ്നമായിരുന്നു. അത് നടന്നു എന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്ന ഫെർണാണ്ടസ് കൂട്ടിച്ചേർത്തു. (cristiano ronaldo bruno fernandes)

Read Also: ക്രിസ്റ്റ്യാനോയെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ വില്പനയ്ക്ക്

“അദ്ദേഹം ഉണ്ടായിരുന്ന സമയം വളരെ നല്ലതായിരുന്നു. തൻ്റെ കരിയറിനും കുടുംബത്തിനുമായി അദ്ദേഹം ഇപ്പോൾ വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു. അത് ബഹുമാനിക്കണം. ഇത് ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിട്ടില്ല. ഇപ്പോൾ ഞങ്ങളെല്ലാവരും ദേശീയ ടീമിലും ലോകകപ്പിലും ശ്രദ്ധ ചെലുത്തിയിരിക്കുകയാണ്. അദ്ദേഹവുമായി കളിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. ഒരു വശം ഞാൻ തെരഞ്ഞെടുക്കേണ്ടതില്ല. ക്ലബ്ബിൽ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. അത് നടന്നു. പക്ഷേ ഒന്നും ശാശ്വതമല്ല.”- ബ്രൂണോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതായി യുണൈറ്റഡ് അറിയിച്ചത്. താരവുമായി ചർച്ച ചെയ്ത് സംയുക്തമായാണ് കരാർ റദ്ദാക്കാൻ തീരുമാനിച്ചത് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. റൊണാൾഡോ ക്ലബിന് നൽകിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് കുറിച്ചു. ഇംഗ്ലീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിൽ ക്ലബിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായുള്ള കരാർ റദ്ദാക്കിയത്.

Read Also: മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

“ക്ലബിൽ നിന്ന് ചിലർ എന്നെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിക്കുന്നു. പരിശീലകൻ മാത്രമല്ല, മറ്റ് ചിലർ കൂടിയുണ്ട്. ഞാൻ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലർക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വർഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെൻ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാൻ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല.”- ക്രിസ്റ്റ്യാനോ അഭിമുഖത്തിൽ പറഞ്ഞു.

റൊണാൾഡോയെ പുറത്താക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഉടമകളായ ഗ്ലേസേഴ്സ് കുടുംബം ക്ലബ് വിൽക്കാനുള്ള ഒരുക്കത്തിലാണെന്ന് വാർത്താകുറിപ്പിലൂടെ യുണൈറ്റഡ് അറിയിച്ചു. വിൽക്കുകയോ പുതിയ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുമെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. 17 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളാണ് ഗ്ലേസേഴ്സ് കുടുംബം.

Story Highlights : cristiano ronaldo bruno fernandes manchester united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here