Advertisement

പോർച്ചുഗലും ബ്രസീലും ഇന്നിറങ്ങും; ദക്ഷിണകൊറിയ ഉറുഗ്വെയ്ക്കെതിരെ

November 24, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചിൽ ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗൽ ഘാനയെ നേരിടും. സ്റ്റേഡിയം 974ലാണ് മത്സരം. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ, ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് കാമറൂണിനെയും ഗ്രൂപ്പ് എച്ചിൽ ഉറുഗ്വെ ദക്ഷിണകൊറിയയെയും നേരിടും. അൽ ജനോബ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3.30നാണ് സ്വിറ്റ്സർലൻഡ് – കാമറൂൺ മത്സരം. എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് ഉറുഗ്വെ ദക്ഷിണകൊറിയയെ നേരിടുക. (world cup portugal brazil)

ഫിഫ റാങ്കിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമീനോയുടെ അഭാവം ഒഴിച്ചാൽ ബ്രസീൽ നിര സുശക്തമാണ്. സ്ക്വാഡിൽ 16 പേർക്കും ആദ്യ ലോകകപ്പാണ് ഇത്. കഴിഞ്ഞ 15 മത്സരങ്ങളായി തോൽവി അറിയാത്ത ബ്രസീൽ 2021 കോപ്പ ഫൈനലിൽ അർജൻ്റീനയ്ക്കെതിരെയാണ് അവസാനമായി പരാജയപ്പെട്ടത്. 2018 ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരായ പരാജയത്തിനു ശേഷം കളിച്ച 50 മത്സരങ്ങളിൽ 37 എണ്ണവും ബ്രസീൽ വിജയിച്ചു. നെയ്‌മർ, അലിസൺ, കാസമിറോ, വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ തുടങ്ങി എണ്ണിയെടുക്കാവുന്ന മികച്ച താരങ്ങൾ.

Read Also: ഗോൾവല നിറച്ച് സ്പാനിഷ് പടയോട്ടം; കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളിന് തോൽപ്പിച്ചു

അതേസമയം, സെർബിയ നിസാരക്കാരല്ല. യോഗ്യതാ റൗണ്ടിൽ സാക്ഷാൽ പോർച്ചുഗലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനക്കാരായാണ് സെർബിയ ലോകകപ്പ് യോഗ്യത നേടിയത്. യുവേഫ നേഷൻസ് ലീഗിലും സെർബിയ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതാണ്. അലക്സാണ്ടർ മിത്രോവിച്, ഡുസാൻ വ്ലാഹോവിച് ആക്രമണ ദ്വയവും നിക്കോള മിലങ്കോവിച്, ഡൂസൻ ടാഡിച് തുടങ്ങിയ താരങ്ങളും സെർബിയൻ നിരയിൽ നിർണായകമാവും.

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പ്രശ്നങ്ങൾക്കിടെയാണ് ഫ്രീ ഏജൻ്റായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി പോർച്ചുഗൽ കാഴ്ചവെക്കുന്ന ഫുട്ബോൾ ഏറെ മികച്ചതാണ്. ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ഡാലോട്, ബെർണാഡോ സിൽവ, റൂബൻ ഡിയസ് തുടങ്ങി മികച്ച താരങ്ങളും അവർക്കുണ്ട്. വിവാദങ്ങൾക്കിടെ ജയത്തോടെ തുടങ്ങുകയാവും പോർച്ചുഗലിൻ്റെ ലക്ഷ്യം.

ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള ടീമാണ് ഘാന. സമീപകാലത്തായി മോശം ഫോമിലുള്ള ഘാന ജോർഡ അയൂ, തോമസ് പാർട്ലേ, ഇനാകി വില്ല്യംസ് തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ വെക്കുന്നത്.

തുടർച്ചയായ നാലാം ലോകകപ്പ് ക്യാമ്പയിനെത്തുന്ന സ്വിറ്റ്സർലൻഡ് ഇറ്റലിയെ പിന്തള്ളിയാണ് യോഗ്യതാ ഘട്ടം കടന്നത്. നേഷൻസ് ലീഗിലെ ഗ്രൂപ്പിൽ മൂന്നാമതാണെങ്കിലും മൂന്ന് തുടർജയങ്ങളാണ് അവസാനമായി സ്വിസ് പട അവിടെ നേടിയത്. സൂപ്പർ ഗോളി യാൻ സോമ്മർ, സർദാൻ ഷക്കീരി, ബ്രീൽ എംബോളോ, മാനുവൽ അകഞ്ജി തുടങ്ങിയവരിലാണ് സ്വിറ്റ്സർലൻഡിൻ്റെ പ്രതീക്ഷ.

സമീപകാലത്ത് പല്ലുകൊഴിഞ്ഞെങ്കിലും കാമറൂൺ സ്വിറ്റ്സർലൻഡിന് വെല്ലുവിളി ഉയർത്തിയേക്കും. ആന്ദ്രേ ഫ്രാങ്ക് അംഗീസ, ആന്ദ്രേ ഒനാന, ബ്രയാൻ എംബ്യൂമോ, ചൗപോ മോടിങ്ങ് തുടങ്ങിയവരാണ് കാമറൂണിൻ്റെ ശ്രദ്ധേയ താരങ്ങൾ. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ വെറും ഒരെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചത്.

അവസാന ഏഴ് ലോകകപ്പുകളിൽ ഉറുഗ്വെ തങ്ങളുടെ ആദ്യ കളി ജയിച്ചത് വെറും ഒരു തവണയാണ്. ഈ പതിവ് മാറ്റുകയാവും അവരുടെ ലക്ഷ്യം. ലൂയിസ് സുവാരസ്, ഡാർവിൻ ന്യൂനസ്, റൊണാൾഡ് അറൗഹോ, എഡിസൺ കവാനി തുടങ്ങിയ താരങ്ങളാണ് ഉറുഗ്വെ നിരയിൽ ശ്രദ്ധേയം. ഓസ്കാർ തബാരസിനു പകരം പരിശീലകനായെത്തിയ ഡിയേഗോ അലോൻസോയുടെ കീഴിൽ മികച്ച പ്രകടനങ്ങളാണ് ഉറുഗ്വെ നടത്തുന്നത്.

സ്റ്റാർ പ്ലയർ സോൺ ഹ്യൂങ്ങ് മിന്നിൻ്റെ പരുക്കാണ് കൊറിയയുടെ തിരിച്ചടി. സോൺ കളിച്ചില്ലെങ്കിൽ കൊറിയയുടെ സ്ഥിതി ഏറെ പരുങ്ങലിലാവും. ഹ്വാങ്ങ് ഉയ്ജോ, കും മിഞ്ജായ് തുടങ്ങിയ താരങ്ങളാണ് കൊറിയൻ നിരയിലുള്ളത്.

Story Highlights : qatar fifa world cup portugal brazil uruguay south korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here