രാജേന്ദ്രനെയെന്നല്ല, മൂന്നാറിൽ നിന്ന് ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി
മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരേയും കുടിയിറക്കാൻ അനുവദിക്കില്ല എന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവർക്കാണ് നോട്ടീസ് നൽകിയത്. ഇത് സിപിഐഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഐഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി.
ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ എസ് രാജേന്ദ്രനോട് വീടും സ്ഥലവും ഒരാഴ്ചക്കുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തത്കാലം ഒഴിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാൽ ഉടൻ നടപടി ഉണ്ടാകില്ലെന്നും ദേവികുളം തഹസിൽദാർ വ്യക്തമാക്കി.
വിഷയത്തിൽ കോടതിയെ സമീപിച്ച എസ് രാജേന്ദ്രൻ വീട് ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ്. പത്ത് സെന്റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമായാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി വിഷയത്തിൽ നിലപാട് അറിയിച്ചത്.
Read Also: എസ് രാജേന്ദ്രന് എതിരെയുള്ള നടപടി വ്യക്തിപരം; പിന്തുണയുമായി സിപിഐ
നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. സബ്കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ പട്ടയമുള്ള ഭൂമിയാണത്. 60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ് നോട്ടീസ് നല്‍കിയത്. അതില്‍ 59 പേരോട് വിശദീകരണം ചോദിച്ചപ്പോള്‍ എന്നോട് മാത്രം ഒഴിവായി പോകാനാണ് പറഞ്ഞത്. അതിനനുസരിച്ചുള്ള നിയമനടപടികള്‍ നേരിടും. ഏത് വിധത്തിലാണെങ്കിലും ഈ നീക്കത്തെ നേരിടും. ആരെങ്കിലും പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സബ് കളക്ടറെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
Story Highlights : C V Varghese about Land encroachment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here