എസ് രാജേന്ദ്രന് എതിരെയുള്ള നടപടി വ്യക്തിപരം; പിന്തുണയുമായി സിപിഐ
ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രന് പിന്തുണയുമായി സിപിഐ. എസ് രാജേന്ദ്രന് എതിരെയുള്ള നടപടി വ്യക്തിപരമെന്നാണ് സിപിഐ വിലയിരുത്തൽ. ഇക്കാ നഗറിലെ എല്ലാവർക്കും സിപിഐയുടെ പിന്തുണ അറിയിച്ചു. അഞ്ചും പത്തും സെന്റുകളിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നത് സർക്കാർ നയമല്ലെന്ന് സിപിഐ പറഞ്ഞു. മറ്റ് ഉന്നതൻമാരും ഇവിടെ വീട് വച്ച് താമസിക്കുന്നുണ്ടന്നും സിപിഐ മണ്ഡലം സെക്രട്ടറി ചന്ദ്രപാൽ വ്യക്തമാക്കി.
എസ് രാജേന്ദ്രന് വീടൊഴിയാന്‍ റവന്യു വകുപ്പ് നോട്ടീസ് അയച്ചിരുന്നു. മൂന്നാര്‍ ഇക്ക നഗറിലെ വീട് പുറംപോക്കിലാണെന്ന് കാണിച്ചാണ് നടപടി. ഏഴ് ദിവസത്തിനകം വീടൊഴിയണമെന്നാണ് റവന്യു വകുപ്പ് നിര്‍ദേശം. എന്നാല്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. സബ്കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.
‘നിലവില്‍ പട്ടയമുള്ള ഭൂമിയാണത്. 60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ് നോട്ടീസ് നല്‍കിയത്. അതില്‍ 59 പേരോട് വിശദീകരണം ചോദിച്ചപ്പോള്‍ എന്നോട് മാത്രം ഒഴിവായി പോകാനാണ് പറഞ്ഞത്. അതിനനുസരിച്ചുള്ള നിയമനടപടികള്‍ നേരിടും. ഏത് വിധത്തിലാണെങ്കിലും ഈ നീക്കത്തെ നേരിടും. ആരെങ്കിലും പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സബ് കളക്ടര്‍’. എസ് രാജേന്ദ്രന് പറഞ്ഞു.
Read Also: ഇടുക്കി ദേവികുളം എംഎല്‍എ രാജയെ മർദിച്ച എസ്ഐക്ക് സ്ഥലം മാറ്റം
ഏഴ് സെന്റ് സ്ഥലത്താണ് എസ് രാജേന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട് നിര്‍മാണം ആരംഭിച്ചതുമുതല്‍ വിവാദങ്ങളുമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസായിരുന്നു അനധികൃതമായിട്ടാണ് വീട് നിര്‍മാണമെന്ന വാദങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. പിന്നീടത് കെട്ടടങ്ങുകയും ചെയ്തു.
Story Highlights : CPI supports Devikulam MLA S Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here