ഗുജറാത്ത് കലാപക്കേസ്; മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്റെ ഇടക്കാല ജാമ്യം രണ്ടുമാസത്തേക്ക് നീട്ടി

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്റെ ഇടക്കാല ജാമ്യം ഗുജറാത്ത് ഹൈക്കോടതി നീട്ടി നൽകി. രണ്ടുമാസത്തേക്കാണ് ഇടക്കാല ജാമ്യം നീട്ടി നൽകിയത്. നേരത്തെ പത്ത് ദിവസം നീട്ടി നൽകിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നീട്ടിയത് ( RB Sreekumar interim bail extended ).
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ വിവിധ വകുപ്പുകൾ ചുമത്തി ഇക്കഴിഞ്ഞ ജൂണിലാണ് ആർ.ബി.ശ്രീകുമാറിനെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ സെപ്റ്റംബർ 28ന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസിൽ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന് സുപ്രിംകോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും കേസിൽ പ്രതിയാക്കിയിരുന്നു.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബിജെപി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയിൽ ടീസ്റ്റയും ശ്രീകുമാറും പങ്കാളിയായിരുന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആരോപണം.
കലാപാനന്തരം സെറ്റൽവാദിന് 30 ലക്ഷം രൂപ ലഭിച്ചെന്നും ഇവർ ആരോപിച്ചു. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ ജാഫരി നൽകിയ പരാതി നേരത്തെ സുപ്രീംകോടതി തള്ളിയതിനു പിന്നാലെയായിരുന്നു മൂന്നു പേർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. മോദിക്കും മറ്റ് 63 പേർക്കും സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു.
Story Highlights : RB Sreekumar interim bail extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here