വിഴിഞ്ഞം സംഘർഷം; വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസ്, ശബരിമലയിൽ നിന്ന് 100 മാറ്റി നിയോഗിച്ചു

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. ഇതിന്റെ ഭാഗമായി ശബരിമലയിൽ നിന്ന് 100 പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അധിക ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസുകാരോട് വിഴിഞ്ഞത്തേക്ക് എത്താനാണ് നിർദേശം. എത്രയും വേഗം വിഴിഞ്ഞത്ത് എത്താനും അറിയിപ്പിൽ പറയുന്നു ( More police to Vizhinjam ).
അതേസമയം, വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പൊലീസിനെ വിമർശിച്ച് ലത്തീൻ സഭ രംഗത്തെത്തി. ഇന്നലത്തെ സംഭവങ്ങൾ പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്നാണ് ലത്തീൻ സഭയുടെ വിമർശനം. കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷനിൽ പോയ ആളുകളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും യോഗത്തിൽ ലത്തീൻ സഭ പറഞ്ഞു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
യോഗത്തിൽ വികാരി ജനറൽ ഫാ യൂജിൻ പെരേര സംസാരിച്ചപ്പോൾ മറ്റ് കക്ഷികൾ അതിനെ തടസപ്പെടുത്തി. സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങൾ അല്ല സഭാ നേതൃത്വം പറയുന്നതെന്നാണ് വിമർശനം. ഉത്തരവാദിത്വമുള്ള സഭാ നേതൃത്വം രാഷ്ട്രീയം കളിയ്ക്കരുതെന്നും സർവകക്ഷി യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് തയാറാകണമെന്ന് കോൺഗ്രസ് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ തുറമുഖ നിർമാണം ഒരു മണിക്കൂർ പോലും വൈകരുതെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാൻ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്ന് മന്ത്രി ജി ആർ അനിൽ സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അക്രമം അരങ്ങേറിയ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്ത് സർവകക്ഷിയോഗം ചേർന്നത്.
പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതിരുന്നത് ശരിയായില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ വിമർശിച്ചു. സംഘർഷം പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന നിലപാടാണ് ലത്തീൻ അതിരൂപത സ്വീകരിച്ചത്. സമരസമിതി ഒഴികെയുള്ള എല്ലാവരും സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി ജി ആർ അനിൽ വിശദീകരിച്ചു. പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടായപ്പോൾ പൊലീസ് ആത്മസംയമനം പാലിച്ചു. മന്ത്രിസഭാ ഉപസമിതി ചർച്ചകളിൽ സമരസമിതി നിലപാട് മാറ്റി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളോട് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ജി.ആർ.അനിൽ കൂട്ടിച്ചേർത്തു.
Story Highlights: More police to Vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here