ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും ജാമ്യ ഹർജി തള്ളി

തിരുവനന്തപുരം പാറശാല ഷാരോൺ കൊലപാതകത്തിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവൻറെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു. ( sharon murder case greeshma mother denied bail )
കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മുഖ്യപ്രതിയുടെ അമ്മയുടെയും അമ്മാവൻറെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളിയത്. കേസിൽ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം.
വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്തിയിട്ടില്ല. ഇനിയും കസ്റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുകയുണ്ടായി.
നേരത്തെ ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നും ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും പ്രതികൾ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയിൽ ആരോപിക്കുകയുണ്ടായി.
Story Highlights: sharon murder case greeshma mother denied bail