ശബരിമല ക്ഷേത്ര ദർശന ശ്രമം; രഹന ഫാത്തിമയുടെ ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ച രഹന ഫാത്തിമക്കെതിരെ എടുത്ത കേസുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിച്ചേക്കും. പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുള്ള പരാതിയിലാണ് കേസ് എടുത്തത്. ഹരജിയിൽ സംസ്ഥാനത്തിൻ്റെ മറുപടി കോടതി തേടിയിരുന്നു.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമല നടതുറന്നപ്പോഴാണ് രഹന ഫാത്തിമ മല കയറാൻ എത്തിയത്. പൊലീസ് സംരക്ഷണത്തിൽ നടപന്തൽവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ മടങ്ങേണ്ടി വരികയായിരുന്നു. മലകയറുന്നതിന് മുമ്പ് രഹന ഫാത്തിമ ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചിത്രമാണ് ഇവർക്കെതിരായ കേസിനാസ്പദമായത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷർട്ടുമണിഞ്ഞ്, നെറ്റിയിൽ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്‌റ്റ് ചെയ്തത്.
Story Highlights: sabarimala rehana fathima supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here