ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്കൂൾ ശൗചാലയം വൃത്തിയാക്കിപ്പിച്ചു; പ്രധാനാധ്യാപികയ്ക്കെതിരെ കേസ്

ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്കൂൾ ശൗചാലയം വൃത്തിയാക്കിപ്പിച്ച പ്രധാനാധ്യാപികയ്ക്കെതിരെ കേസ്. തമിഴ്നാടിലെ ഈറോഡിലുള്ള ഒരു സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസുകാരായ ആറ് വിദ്യാർത്ഥികളെക്കൊണ്ടാണ് പ്രധാനാധ്യാപിക ശൗചാലയം വൃത്തിയാക്കിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഒരാളുടെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രധാനാധ്യാപിക ഗീതാ റാണി ഒളിവിലാണ്.
ശൗചാലയം വൃത്തിയാക്കാൻ ദളിത് വിദ്യാർത്ഥികളെ മാത്രം പ്രധാനാധ്യാപിക തെരഞ്ഞുപിടിച്ചു എന്ന് പരാതിയിൽ പറയുന്നു. മകന് ഡെങ്കിപ്പനി വന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. എങ്ങനെയാണ് ഡെങ്കി വന്നതെന്ന് താൻ ചോദിച്ചു. ശൗചാലയം വൃത്തിയാക്കിയപ്പോൾ കൊതുക് കടിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞു. അങ്ങനെയാണ് വിവരം അറിഞ്ഞതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച കുട്ടികൾ ശൗചാലയത്തിൽ നിന്ന് കപ്പും മറ്റുമായി വരുന്നത് ഒരു രക്ഷകർത്താവ് കണ്ടു. കുട്ടികളോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ പ്രധാനാധ്യാപിക പറഞ്ഞതുപ്രകാരം ശൗചാലയം വൃത്തിയാക്കുകയായിരുന്നു എന്ന് പറഞ്ഞു. 40 കുട്ടികൾ ക്ലാസിലുണ്ട്. പക്ഷേ, തങ്ങളുടെ കുട്ടികളെക്കൊണ്ട് മാത്രമാണ് പ്രധാനാധ്യാപിക അത് ചെയ്യിക്കുന്നതെന്നും അവർ പറഞ്ഞു.
Story Highlights: Dalit Students Clean Toilet Case Filed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here